ഖത്തറിന് പൂർണ പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാനിയൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരം, വ്യോമാതിർത്തി, അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവക്ക് ഇത്തരം ആക്രമണങ്ങൾ തടയിടുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ഖത്തറിന്റെ നേതൃത്വത്തോടും, സർക്കാറിനോടും, ജനങ്ങളോടും ഒപ്പം കുവൈത്ത് നിലകൊള്ളുന്നു. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നു. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും കുവൈത്തിന്റെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണ്. ഖത്തറിനെ പിന്തുണക്കുന്നതിന് എല്ലാ സാധ്യതകളും കഴിവുകളും പ്രയോജനപ്പെടുത്താൻ കുവൈത്ത് തയാറാണെന്നും ചൂണ്ടികാട്ടി. ഇറാൻ മിസൈൽ ആക്രമണം ഖത്തർ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതിനെ കുവൈത്ത് പ്രശംസിച്ചു.
നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശിക, അന്തർദേശീയ ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ആവശ്യകതയും കുവൈത്ത് ചൂണ്ടികാട്ടി.
ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് അമീർ
ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ അമീർ ശൈഖ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണ് ആക്രമണമെന്ന് കുവൈത്ത് അമീർ ചൂണ്ടികാട്ടി. ഖത്തർ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കുമൊപ്പം കുവൈത്ത് പൂർണമായും നിലകൊള്ളുന്നു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികളെയും തീരുമാനങ്ങളെയും പൂർണമായും പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ അമീർ കുവൈത്ത് അമീറിന് വളരെയധികം നന്ദിയും കടപ്പാടും അറിയിച്ചു. അമീറിന് നല്ല ആരോഗ്യവും കുവൈത്തിനും ജനങ്ങൾക്കും പുരോഗതിയും ക്ഷേമവും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

