സൗഹൃദ ഫുട്ബാൾ : സൗദിയോട് ഒരു ഗോളിന് കീഴടങ്ങി കുവൈത്ത്
text_fieldsസൗദി-കുവൈത്ത് സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: സൗദിക്കെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കുവൈത്ത് ഒരു ഗോളിന് കീഴടങ്ങി. 70ാം മിനിറ്റിൽ അബ്ദുൽ ഇലാഹ് അലി അൽ അംരി നേടിയ ഏകഗോൾ കളിയുടെ വിധിയെഴുതി.
മത്സരഫലം പോലെതന്നെ മുൻതൂക്കം സൗദിക്കായിരുന്നു. 66 ശതമാനവും പന്ത് അവരുടെ കൈവശമായിരുന്നു.
പാസുകളുടെ എണ്ണത്തിലും കൃത്യതയിലും അവർ മുന്നിൽനിന്നു. റിയാദിലെ കിങ് സൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം അനുവദിക്കാതെയാണ് കളി നടത്തിയത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച സൗദി ഏത് നിമിഷവും ഗോൾ നേടും എന്ന് തോന്നിപ്പിച്ചു. എന്നാൽ, ഫലപ്രദമായി ചെറുത്തുനിൽക്കാൻ കുവൈത്ത് പ്രതിരോധത്തിന് കഴിഞ്ഞു. രണ്ടാംപകുതിയിലും ആക്രമണം തുടർന്ന സൗദിക്ക് ഹെഡർ ഗോളിലൂടെ അബ്ദുൽ ഇലാഹ് അലി അംരി വിജയഗോൾ നേടിക്കൊടുത്തു.
അൽ കിക്ബി തൊടുത്ത കോർണർ കിക്ക് അൽ അംരി വലയിലേക്ക് ചെത്തിയിട്ടപ്പോൾ കുവൈത്ത് ഗോൾ കീപ്പർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സൗദിയിൽനിന്ന് കുവൈത്ത് ടീം ലബനാനിലേക്ക് തിരിക്കും. മാർച്ച് 29ന് ടീം ലബനാനുമായി സൗഹൃദ മത്സരം കളിക്കും.
ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് സൗഹൃദ മത്സരം. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ ബാക്കിയുള്ള കളികൾ മേയ് 31നും ജൂൺ 15നും ഇടയിൽ കുവൈത്തിൽ നടത്തും.
കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ കുറക്കാൻ ഹോം ആൻഡ് എവേ രീതിക്ക് പകരം ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് ബിയിലെ മറ്റു ടീമുകളായ ആസ്ട്രേലിയ, ജോർഡൻ, ചൈനീസ് തായ്പേയ്, നേപ്പാൾ എന്നീ ടീമുകൾ കുവൈത്തിലെത്തും. ഗ്രൂപ് ബിയിൽ അഞ്ചു കളിയിൽ പത്തു പോയൻറുമായി കുവൈത്ത് രണ്ടാമതാണ്.
നാലു കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാല് കളിയിൽ ഏഴു പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ച് കളിയിൽ മൂന്നു പോയൻറുള്ളപ്പോൾ നാല് മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

