ഫ്രൈഡേ മാർക്കറ്റ്: അകത്ത് ഞങ്ങളേറ്റു, പുറത്ത് പൊലീസ് നിയന്ത്രിക്കണം –ഭരണസമിതി
text_fieldsകുവൈത്ത് സിറ്റി: ഫ്രൈഡേ മാർക്കറ്റ് തുറന്നപ്പോൾ കോവിഡ് പ്രതിരോധക്രമീകരണങ്ങളിൽ പിഴവുണ്ടായിട്ടില്ലെന്ന് ഫ്രൈഡേ മാർക്കറ്റ് ഭരണസമിതി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഫ്രൈഡേ മാർക്കറ്റ് തുറന്ന ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് മുനിസിപ്പാലിറ്റി ഇടപെട്ട് പൂട്ടിച്ചിരുന്നു.
ഇൗ പശ്ചാത്തലത്തിലാണ് തങ്ങളുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും പുറത്ത് അനുഭവപ്പെട്ട തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും വ്യക്തമാക്കി ഭരണസമിതി രംഗത്തുവന്നത്. മാർക്കറ്റിലെ എല്ലാ സ്റ്റാളുകളും ഒാഫിസുകളും ശുചിമുറികളും ബാരിക്കേഡുകളും വരെ അണുമുക്തമാക്കിയിരുന്നു. സന്ദർശകരുടെ സൗകര്യത്തിനും സുരക്ഷക്കുമായുള്ള എല്ലാ സംവിധാനവും ഒരുക്കിയിരുന്നു.
രോഗബാധിതർ അകത്തുകടക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഗേറ്റുകളിൽ സൂപ്പർവൈസർമാരുടെ എണ്ണം വർധിപ്പിച്ചിരുന്നു. സ്റ്റാളുകളിൽ സാമൂഹികഅകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ക്രമീകരണമുണ്ടായിരുന്നു. മാർക്കറ്റ് തുറന്ന ആദ്യ മണിക്കൂറിൽ പുറത്ത് വലിയ തിരക്കുണ്ടായി എന്നത് സത്യമാണ്. എന്നാൽ, ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പുറത്തെ തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസാണ്. കൂടുതൽ പൊലീസിനെ ചുമതലപ്പെടുത്തി അകത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഫ്രൈഡേ മാർക്കറ്റ് വീണ്ടും തുറക്കണമെന്ന് മന്ത്രിസഭയോട് ആവശ്യപ്പെട്ടതായി ഭരണസമിതി വ്യക്തമാക്കി.
കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ സൂഖ് അൽ ജുമുഅ (ഫ്രൈഡേ മാർക്കറ്റ്) സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ വൻ തള്ളിക്കയറ്റമാണുണ്ടായത്. സാമൂഹിക അകലം പാലിക്കപ്പെടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുകയായിരുന്നു. പ്രവേശകവാടത്തിന് പുറത്തും തിരക്ക് അനുഭവപ്പെട്ടു. ആളുകൾ ഗേറ്റ് ചാടിക്കടക്കുന്നത് ഉൾപ്പെടെ കാണാമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പാടുപ്പെട്ടു. ഒടുവിൽ മുനിസിപ്പാലിറ്റി ഇടപെട്ട് മാർക്കറ്റ് പൂട്ടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
