പ്രവാസികൾക്ക് ഫ്രീലാൻസ് ഇഖാമ സംവിധാനം വരുന്നു; 800-1,000 ദീനാർ വാർഷിക ഫീസ്
text_fieldsപബ്ലിക് അതോറിറ്റി ഓഫ് മാൻപവർ സമ്മേളനത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര
മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിദഗ്ധരായ പ്രവാസികൾ സ്വന്തമായി ചെറുകിട ബിസിനസുകൾ ആരംഭിക്കാൻ സ്പോൺസറുടെ സഹായമില്ലാതെ ഫ്രീലാൻസ് റെസിഡൻസ് സംവിധാനം വരുന്നു. ഇതിനെ കുറിച്ച ആലോചനകൾ നടന്നുവരുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ് പറഞ്ഞു. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ സംഘടിപ്പിച്ച സ്വകാര്യ ബിസിനസ് ഉടമകളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംവിധാനത്തിന് കീഴിൽ പ്രവാസികൾ 800 മുതൽ 1,000 ദീനാർ വരെ വാർഷിക ഫീസ് അടക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജോലി വാഗ്ദാനം ചെയ്യാത്ത കമ്പനികളിൽനിന്ന് താമസാനുമതി ലഭിക്കുന്നതിന് പ്രവാസികൾ പ്രതിവർഷം നൂറുകണക്കിന് ദീനാർ നൽകുന്ന വിസ വ്യാപാരത്തെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യം. വൈകാതെ ഈ സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
39,000 പ്രവാസികളെ നാടുകടത്തി
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം 39,000 പ്രവാസി തൊഴിലാളികളെ നാടുകടത്തിയതായി ശൈഖ് ഫഹദ് പറഞ്ഞു.
നിയമപരമായ സ്പോൺസർമാർ ഒഴികെയുള്ള തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്തവരും ഇതിൽ ഉൾപ്പെടുന്നു.നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമം ലംഘിച്ചതിന് ഏകദേശം 3,000 സ്വകാര്യ മേഖലയിലെ കമ്പനികൾ അടച്ചുപൂട്ടിയതായും അറിയിച്ചു.
ശമ്പളം മുടക്കരുത്
പ്രവാസി തൊഴിലാളികളുടെ വേതനം സംബന്ധിച്ചും മന്ത്രി മുന്നറിയിപ്പ് നൽകി. ഏത് സാഹചര്യത്തിലും ശമ്പളം പ്രതിമാസം പതിവായി നൽകണം. വിവിധ രാജ്യക്കാരായ ആളുകൾ ജോലിക്കായി രാജ്യത്തേക്ക് വരുന്നതിൽ കുവൈത്തിന് എതിർപ്പില്ലെന്നും വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള കുട്ടികളെ അച്ഛനോ അമ്മയോ വെവ്വേറെ സ്പോൺസർ ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന് എതിർപ്പില്ലന്നും അറിയിച്ചു.
അതേസമയം, ചെറുകിട ബിസിനസുകൾ, സർക്കാർ കരാറുകൾ അല്ലെങ്കിൽ മറ്റുള്ളവ എന്നിങ്ങനെ എല്ലാ ബിസിനസ് മേഖലകൾക്കിടയിലും റെസിഡൻസി ട്രാൻസ്ഫർ നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവി റബാബ് അൽ ഒസൈമി യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

