സൂക്ഷിക്കുക; തട്ടിപ്പുകാർ പലരൂപത്തിൽ വരാം
text_fieldsകുവൈത്ത് സിറ്റി: സുന്ദരമായ ചിരിയും വാക്കും കേട്ട് അജ്ഞാതരോട് ഇടപാടിന് നിന്നാൽ പറ്റിക്കപ്പെട്ടേക്കാം. മലയാളികൾക്ക് ഇത്തരം എത്രയോ അനുഭവങ്ങൾ ഉണ്ടെങ്കിലും വീണ്ടും വെട്ടിൽ വീഴുന്നവർ നിരവധി. കുറഞ്ഞവിലക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്തയാൾ കഴിഞ്ഞ ദിവസം മലയാളിയുടെ 80 ദീനാർ വെട്ടിച്ചു കടന്നു. കുവൈത്തിൽ ഡ്രൈവറായ കാഞ്ഞങ്ങാട് സ്വദേശിയുടെ പണമാണ് നഷ്ടപ്പെട്ടത്.
ഫഹദൽ അഹ്മദിലെ ഖുബ്ബൂസ് ഫാക്ടറിയിൽ ലോഡ് ഇറക്കി വാഹനം പാർക്ക് ചെയ്യവെ അടുത്തെത്തി സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഇഖാമ, റേഷൻ സാധനങ്ങൾ, ജോലി, വിസ തുടങ്ങിയ ഏത് കാര്യത്തിനും സമീപിക്കാമെന്നു പറഞ്ഞ് തുടങ്ങിയ ആൾ കുറഞ്ഞ വിലക്ക് ഇവ നൽകാമെന്നും വാഗ്ദാനം ചെയ്തു. ഒന്നും വേണ്ടെന്ന് മലയാളി പറഞ്ഞെങ്കിലും അയാൾ ഫോൺ നമ്പർ വാങ്ങി. തുടർന്ന് ദിവസവും വിളിക്കൽ പതിവായി. വിപണിയിലും കുറഞ്ഞ വിലക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്യലും തുടങ്ങി. വിപണിയിൽ ഏഴു ദീനാറോളം വിലയുള്ള സാദിയ ചിക്കൻ അഞ്ചു ദീനാറിന് തരാമെന്നു പറഞ്ഞ് വശീകരിച്ചു. ഒടുക്കം മറ്റൊരാൾക്കായി 80 ദീനാറിന് ചിക്കൻ വാങ്ങിക്കാമെന്നേറ്റു. ഇതോടെ വാഹനവും പണവുമായി ഇക്വയിലയിലെത്താൻ പറഞ്ഞു.
തുടർന്ന് പണം കൈപ്പറ്റുകയും അൽപസമയത്തിനകം ബിൽ കൊണ്ടുവന്നു നൽകി ഷോപ്പിൽനിന്ന് ചിക്കൻ വാങ്ങാൻ പറയുകയും ചെയ്തു. ബില്ലുമായി ഷോപ്പിലെത്തിയപ്പോൾ അത്തരം ഒരാളെ അറിയില്ലെന്നും ബിൽ വ്യാജമാണെന്നുമായിരുന്നു മറുപടി. ഇതിനകം മറ്റേയാൾ മുങ്ങിയിരുന്നു.
പാർക്കിങ് ഏരിയകളിൽ നിന്നാണ് ഇയാൾ ഇരകളെ കണ്ടെത്തുന്നതെന്നും റേഷൻ സാധനങ്ങൾ, അരി, പാൽ എന്നിവ വലിയ വിലക്കുറവിൽ വാഗ്ദാനം ചെയ്യുമെന്നും കാഞ്ഞങ്ങാട് സ്വദേശി പറഞ്ഞു. നല്ല പെരുമാറ്റവും സംസാരവും കേട്ടപ്പോൾ പറ്റിക്കപ്പെടുമെന്ന് കരുതിയില്ല. സംഭവശേഷം മലയാളിയുടെ നമ്പർ ആൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. മറ്റു നമ്പറിൽനിന്ന് വിളിക്കുമ്പോൾ എടുക്കുന്നില്ലെന്നും പണം നഷ്ടപ്പെട്ടയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

