കാലാവധി കഴിഞ്ഞ നാല് ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെ രാജ്യത്ത് വ്യാപക പരിശോധന. പരിശോധനയിൽ ഏകദേശം നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി വിവിധ ഭക്ഷ്യവസ്തുക്കളുടെ കാലഹരണ തീയതികളിൽ മനഃപൂർവ്വം കൃത്രിമം കാണിച്ചതായും പരിശോധനയിൽ കണ്ടെത്തി.
കാലഹരണ തീയതികൾ മായ്ച്ചും തെറ്റായ പുതിയ ലേബലുകൾ യഥാർഥ തീയതികൾക്ക് മുകളിൽ സ്ഥാപിച്ചുമാണ് കൃത്രിമം നടത്തിയത്. ചില ഭക്ഷ്യ ഉൽപന്നങ്ങളുടെ കാലാവധി തീയതികൾ നാല് മാസം, അഞ്ച് മാസം, അല്ലെങ്കിൽ ഒരു വർഷം വരെ നീട്ടിയിരുന്നു. കോൺ ചിപ്സ്, കൊക്കോ ഉൽപ്പന്നങ്ങൾ, ഉരുളക്കിഴങ്ങ്, മധുരപലഹാരങ്ങൾ, ചീസുകൾ, മറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. ഈ ഇനങ്ങളിൽ പലതിലും കൃത്രിമം നടത്തിയതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു.
തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഇൻസ്പെക്ടർമാർ അന്വേഷണത്തിൽ കണ്ടെത്തി. ചില ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതികൾ കൈകൊണ്ട് നീക്കുന്നതും പ്രാദേശിക വിപണികളിൽ വിൽപ്പക്കാൻ വീണ്ടും ലേബൽ ചെയ്യുന്നതായും തെളിഞ്ഞു. ചില സ്റ്റോറുകളിലെ റഫ്രിജറേറ്ററുകളിൽ കാലഹരണപ്പെട്ട സാധനങ്ങൾ കണ്ടെത്തി. ഇവയിൽ ചിലതിന് ഒരു വർഷം വരെ കാലാവധി നൽകിയിരുന്നു.
ഇത് ഉപഭോക്താക്കൾക്ക് ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്നതും പൊതു സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനവുമാണെന്ന് അധികൃതർ ചൂണ്ടികാട്ടി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഉൽപന്നങ്ങളുടെ കാലഹരണ തീയതികൾ പരിശോധിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും പെതുജനങ്ങളോട് അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

