ഫോസ കുവൈത്ത് ‘പ്ലാറ്റിനം ഫൊസ്റ്റാൾജിയ’ ഇന്ന്
text_fieldsഫാറൂഖ് കോളജ് പ്രിൻസിപ്പൽ കെ.എം. നസീറിനെയും സംഘത്തെയും കുവൈത്ത് വിമാനത്താവളത്തിൽ ഫോസ അംഗങ്ങൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: 75 വർഷം പിന്നിടുന്ന മലബാറിലെ പ്രശസ്ത കലാലയമായ ഫാറൂഖ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ കുവൈത്തും പങ്കാളിയാകുന്നു.
ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഫോസ) കുവൈത്ത് ഘടകത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പൂർവ വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുചേരും. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ കെ.എം. നസീർ, ഫോസ സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രഫ. യൂസഫ് അലി, സെൻട്രൽ കമ്മിറ്റി അംഗം കെ.വി. അഹമ്മദ് കോയ എന്നിവർ ആഘോഷങ്ങളിൽ പങ്കുചേരും. വ്യാഴാഴ്ച കുവൈത്തിൽ എത്തിയ ഇവരെ വിമാനത്താവളത്തിൽ ഫോസ അംഗങ്ങൾ സ്വീകരിച്ചു.
ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് പരിപാടികൾ. കുവൈത്തിലുള്ള ഫോസ അംഗങ്ങളും കുടുംബവും പങ്കെടുക്കുമെന്നു ഫോസ കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് റാഫിയും ജനറൽ സെക്രട്ടറി റിയാസ് അഹമ്മദും അറിയിച്ചു. ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികൾ, നിലവിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 99594317/ 97848077എന്നീ നമ്പറുകളിൽ വിളിക്കാം.
ഫാറൂഖ് കോളജ്-കുവൈത്ത്; പതിറ്റാണ്ടുകൾ നീളുന്ന ബന്ധം
കെ. എം. നസീർ
ഫാറൂഖ് കോളജ് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച വിപ്ലവം അതുല്യമാണെന്ന് കോളജ് പ്രിൻസിപ്പൽ കെ.എം. നസീർ. ഫാറൂഖ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയവർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായി കുവൈത്തിലെത്തിയതായിരുന്നു അദ്ദേഹം.
കാനഡ, യു.കെ അടക്കം 14 വിദേശരാജ്യങ്ങളിൽ ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ‘ഫോസ’ക്ക് ചാപ്റ്ററുകളുണ്ട്. മിഡിലീസ്റ്റ് രാജ്യങ്ങളിലെ ‘ഫോസ’ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജും കുവൈത്തുമായുള്ള ബന്ധം പതിറ്റാണ്ടുകൾ നീളുന്നതാണ്. 1961ൽ സ്ഥാപിതമായ ഫാറൂഖ് കോളജിലെ വിശാലമായ യൂസഫ് അൽ സഖർ ഓഡിറ്റോറിയം അതിന്റെ തെളിവാണ്. കുവൈത്തിലെ പ്രമുഖ കുടുംബമായ അൽ സഖർ ഫാമിലിയാണ് ഈ ഓഡിറ്റോറിയം സ്ഥാപിച്ചത്.
2014ൽ ഇദ്ദേഹത്തിന്റെ മകൾ കോളജിന് ഒരു സ്പോർട്സ് പവിലിയന് സംഭാവന നൽകി. ഫോസ കുവൈത്ത് ചാപ്റ്റർ ഫാറൂഖ് കോളജ് 75ാം വാർഷികാഘോഷ പരിപാടിയുടെ വേളയിൽ അൽ സഖർ കുടുംബത്തെയും മറ്റ് അഭ്യുദയ കാംക്ഷികളെയും സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നതായും കെ.എം. നസീർ പറഞ്ഞു. 2015ൽ ഓട്ടോണമസ് പദവി നേടിയ കോളജ് യൂനിവേഴ്സിറ്റിയായി മാറാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

