സിറിയക്ക് പിന്തുണയുമായി അറബ്, മുസ് ലിം രാജ്യങ്ങൾ
text_fieldsകുവൈത്ത് സിറ്റി: സിറിയയിലെ ഇസ്രായേൽ ആക്രമണ പശ്ചാത്തലത്തിൽ അറബ്, മുസ് ലിം വിദേശകാര്യ മന്ത്രിമാർ ചർച്ചകൾ നടത്തി. വിഷയത്തിൽ എകീകൃത നിലപാട് സ്വീകരിക്കുന്നതിന്റെയും സിറിയയെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ചർച്ചകൾ.
സിറിയയുടെ ഐക്യത്തിനും സ്ഥിരതക്കും പരമാധികാരത്തിനും പിന്തുണ നൽകുന്നതായും എല്ലാത്തരം വിദേശ ഇടപെടലുകളും നിരസിക്കുന്നതായും കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഇറാഖ്, ജോർഡൻ, ലബനാൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളിലെ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സുവൈദ ഗവർണറേറ്റിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച കരാർ മന്ത്രിമാർ സ്വാഗതം ചെയ്തു. കരാർ പാലികേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
സിറിയയിൽ സുരക്ഷയും പരമാധികാരവും സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും മന്ത്രിമാർ പിന്തുണ അറിയിച്ചു. സിറിയക്കെതിരായ ആവർത്തിച്ചുള്ള ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും സിറിയയുടെ പരമാധികാരത്തിന്റെയും നഗ്നമായ ലംഘനമാണ്. സിറിയയുടെ സുരക്ഷയും സ്ഥിരതയും പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പ്രധാന അടിത്തറയാണെന്നും വ്യക്തമാക്കി.
പുനർനിർമാണത്തിനുള്ള സിറിയൻ സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണക്കാൻ മന്ത്രിമാർ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. സിറിയൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സേനയുടെ പിൻവാങ്ങൽ ഉറപ്പാക്കുന്നതിനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഇടപെടാൻ യു.എൻ രക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
സിറിയൻ തലസ്ഥാന നഗരമായ ഡമാസ്കസിലും തെക്കൻ ഗവർണറേറ്റായ അൽ സുവൈദയിലും ഇസ്രായേൽ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

