വിദേശകാര്യ മന്ത്രി യു.എസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എസ് നിയർ ഈസ്റ്റേൺ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ബാർബറ ലീഫുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, യു.എസ് നിയർ ഈസ്റ്റേൺ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ബാർബറ ലീഫുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഔദ്യോഗിക സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
കുവൈത്തും യു.എസും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ സഹകരണവും ഇരുവരും ചർച്ച ചെയ്തു. ഗസ്സയിലെ അപകടകരമായ സംഭവവികാസങ്ങളും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും പങ്കുവെച്ചു.
ഫലസ്തീനെതിരെയുള്ള ഇസ്രായേൽ ആക്രമണവും അതുമൂലമുണ്ടായ മാനുഷിക ദുരന്തവും ശൈഖ് സലീം ഉണർത്തി. ഫലസ്തീൻ ജനതയുടെ പൂർണ അവകാശങ്ങൾ നേടിയെടുക്കുന്നതിലും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലും അവരെ പിന്തുണക്കുന്നതിലും കുവൈത്തിന്റെ തത്ത്വാധിഷ്ഠിതവും ദൃഢവുമായ നിലപാടും ശൈഖ് സലിം ആവർത്തിച്ചു.
ഫലസ്തീൻ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം, കൂട്ടക്കൊല ഉടനടി അവസാനിപ്പിക്കൽ, ഗസ്സയിൽ മാനുഷിക സഹായം എത്തിക്കൽ, ആക്രമണം തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവയും സൂചിപ്പിച്ചു. നിലവിലെ സംഭവങ്ങളെ ഇരട്ടത്താപ്പോടെ കൈകാര്യം ചെയ്യരുതെന്നും പ്രശ്നപരിഹാരത്തിന് ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തണമെന്നും ശൈഖ് സലിം കൂട്ടിച്ചേർത്തു.