വിദേശകാര്യ മന്ത്രി യോഗത്തിൽ പങ്കെടുത്തു; ഹുർമുസിൽ നാവിഗേഷൻ സുരക്ഷ ഉറപ്പാക്കണം
text_fieldsശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ഫ്രാൻസ്, യു.കെ, മറ്റു രാജ്യങ്ങൾ എന്നിവരുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ എന്നിവ പ്രകാരം പ്രവർത്തിക്കുന്ന ഗതാഗത അവകാശം ഉറപ്പുനൽകുന്ന പ്രകൃതിദത്ത അന്താരാഷ്ട്ര ജലപാത എന്ന നിലയിൽ ഹുർമുസ് കടലിടുക്കിനെക്കുറിച്ചുള്ള കുവൈത്തിന്റെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്.
ഹുർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും സഹ അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പങ്കാളിത്തം ഉണ്ടായി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം.
വിതരണ ശൃംഖലകൾ പുന:സ്ഥാപിക്കുക, ഊർജ്ജ, ഭക്ഷ്യ വിതരണങ്ങൾ സുരക്ഷിതമാക്കുക എന്നിവയുൾപ്പെടെയുള്ള ആഗോള സാമ്പത്തിക താൽപ്പര്യങ്ങൾക്ക് അനുസൃതമായി, കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ഫ്രാൻസ്, യു.കെ, മറ്റു രാജ്യങ്ങൾ എന്നിവരുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു.
അന്താരാഷ്ട്ര നിയമ ചട്ടക്കൂടുകൾക്ക് വിരുദ്ധമായി ഹുർമുസ് കടലിടുക്കിനെ നിയന്ത്രിക്കുന്ന ഏകപക്ഷീയമായ നടപടികളും പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും കുവൈത്ത് നിരസിക്കുന്നതായും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വ്യക്തമാക്കി. സമുദ്ര ഗതാഗത സ്വാതന്ത്ര്യം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നതിന് സമാന്തര ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ ഇറാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ശൈഖ് ജറാഹ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

