യു.എൻ രക്ഷാസമിതിയിൽ കുവൈത്തിന് താൽക്കാലിക അംഗത്വം
text_fieldsകുവൈത്ത് സിറ്റി: നീണ്ട കാത്തിരിപ്പിന് ശേഷമുള്ള വോട്ടെടുപ്പിൽ ലോകരാജ്യങ്ങളുടെ ഭൂരിപക്ഷ പിന്തുണയോടെ കുവൈത്ത് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിൽ താൽക്കാലിക അംഗത്വത്തിനുള്ള അർഹത നേടി. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 192 രാജ്യങ്ങളാണ്
പങ്കെടുത്തത്. ഇതിൽ 188 രാജ്യങ്ങളാണ് കുവൈത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയത്. 2018 ജനുവരി മുതൽ രണ്ടു വർഷത്തേക്കാണ് അംഗത്വം. അഞ്ച് സ്ഥിരാംഗങ്ങൾക്കുപുറമെ കുവൈത്ത് അടക്കം 10 രാജ്യങ്ങളാണ് താൽക്കാലിക അംഗങ്ങളായി സമിതിയിലുണ്ടാവുക. അംഗത്വ കാലാവധി അവസാനിക്കുന്നതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാണ് ഈ സീറ്റിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുക. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ളത്. വീറ്റോ അധികാരമുള്ള ഈ രാജ്യങ്ങളുടെ തീരുമാനങ്ങളാണ് രക്ഷാസമിതിയുടെ നടപടികളെ സ്വാധീനിക്കുക. ഭൂമിശാസ്ത്ര ഘടനപ്രകാരം താൽക്കാലിക പദവിയിലേക്ക് ആഫ്രിക്ക, ഏഷ്യ എന്നീ മേഖലകളിൽനിന്ന് അഞ്ചും വടക്കൻ യൂറോപ്പിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും രണ്ടും തെക്കൻ യൂറോപ്പിൽനിന്ന് ഒന്നും അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം. ഇതിൽ ഏഷ്യൻ രാജ്യങ്ങളുടെ പ്രതിനിധിയായാണ് കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടത്.
അതിനിടെ, യു.എൻ സുരക്ഷാ കൗൺസിൽ താൽക്കാലിക അംഗത്വത്തിലേക്കുള്ള വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടതിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് എന്നിവർ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് അസ്സബാഹിനെ അഭിനന്ദിച്ചു.
വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമമാണ് ഈ നയതന്ത്ര വിജയത്തിന് കാരണമെന്ന് അമീർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
