മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ ജനതക്ക് അവരുടെ പൂർണ്ണ അവകാശങ്ങൾ നൽകിക്കൊണ്ടാണ് മിഡിൽ ഈസ്റ്റിലെ സമാധാനം ആരംഭിക്കേണ്ടതെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുക, ദ്വിരാഷ്ട്ര പരിഹാരം എന്നിവയെ കുറിച്ചുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതി വിനാശകരമാണ്. ഇസ്രായേലിന്റെ ക്രൂരമായ സൈനിക നടപടി ആയിരക്കണക്കിന് പേരുടെ മരണത്തിനും ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ, ജലവിഭവ സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കലിനും കാരണമായി.ഗസ്സയിൽ തുടരുന്ന ഉപരോധവും ഭക്ഷണം, മരുന്ന്, വൈദ്യുതി, ജലവിതരണം എന്നിവ തടസ്സപ്പെടുന്നതും ഇരുപത്തിയഞ്ച് ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു. സജീവമായ ആഗോള ഇടപെടൽ ഇല്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്നും അബ്ദുല്ല അൽ യഹ്‍യ മുന്നറിയിപ്പു നൽകി.
കിഴക്കൻ ജറുസലം തലസ്ഥാനമായുള്ള അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന കുവൈത്തിന്റെ ഉറച്ച നിലപാട് അബ്ദുല്ല അൽ യഹ്‍യ ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച വിവിധ രാജ്യങ്ങളെ അദ്ദേഹം പ്രശംസിച്ചു. മറ്റു രാജ്യങ്ങളോട് ഇത് പിന്തുടരാനും ആഹ്വാനം ചെയ്തു.ഫലസ്തീനിൽ അടിയന്തിര മാനുഷിക, വൈദ്യസഹായങ്ങൾ എത്തിക്കാൻ എല്ലാ ക്രോസിംഗുകളും ഉടൻ തുറക്കണം. ഫലസ്തീൻ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പാകെ കൊണ്ടുവരാനും കുവൈത്ത് വിദേശകാര്യമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനെതിരായ നടപടികളെ നിരാകരിക്കുന്നതിനും അന്താരാഷ്ട്ര പിന്തുണ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

