ഫുട്ബാൾ ഡയറി - സംഘർഷങ്ങൾക്കുമേൽ സമാധാനത്തിന്റെ പന്തുരുളട്ടെ...
text_fields1990 വേൾഡ്കപ്പ് കുവൈത്തിൽ നിന്നാണ് കണ്ടത്. വിജയാഘോഷങ്ങൾതീരും മുമ്പേ ഇറാഖ് കുവൈത്തിനെ ആക്രമിച്ചത് ഇപ്പോൾ ഓർക്കുകയാണ്. ഇന്ന് മറ്റൊരു ഫുട്ബാൾ ഉൽസവത്തിന് ലോകം കൺതുറന്നിരിക്കെ മേഖലയിലെ സഥിതിയും മറ്റൊന്നല്ല, കാലത്തിന്റെ മറ്റൊരു കളി
ലോകം വീണ്ടുമൊരു ഫുട്ബാൾ ആവേശത്തിലേക്കു കടക്കുമ്പോൾ ഓർമകളും പന്തുപോലെ കുതിക്കുകയാണ്. കുട്ടികാലത്ത് ചാലിയം ഇമ്പിച്ചി ഹാജി സ്കൂളിലെ സെവൻസിൽ നിന്നാണ് ഫുട്ബാൾ ആവേശത്തിന്റെ തുടക്കം. അരീക്കോട്, മലപ്പുറം ടീമുകൾ പങ്കെടുത്തിരുന്ന മത്സരങ്ങൾ നാടിന്റെ കാൽപന്ത് ഉത്സവത്തെ ജനകീയമാക്കി.
1986 ലോകകപ്പ് കാലത്ത് ഞാൻ കോളജ് വിദ്യാർഥിയാണ്. അക്കാലത്ത് എല്ലായിടത്തും ടി.വിയും കളികൾ കാണാനുള്ള സൗകര്യവും ഇല്ല. തൊട്ടടുത്ത അവറാൻ മാസ്റ്ററുടെ വീട്ടിൽ നിന്നാണ് ആദ്യ വേൾഡ് കപ്പ് കണ്ടത്.
അയൽവാസിയും സുഹൃത്തുമായ ഒ.എം. ബഷീർക്കയടക്കമുള്ള സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ അവിടെ ഒത്തുകൂടും.
വെസ്റ്റ് ജർമനിയെ തോല്പിച്ച് മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന അന്ന് കപ്പ് ഉയർത്തി. മറഡോണയുടെ മാന്ത്രിക ചുവടുകൾ മയം മനക്കിയ കാലം.
1987 ൽ ജവഹർലാൽ നെഹ്‌റു ഇൻവിറ്റേഷൻ അന്താരാഷ്ട്ര ടൂർണമെന്റിന് കോഴിക്കോട് ആധിധേയത്തം വഹിച്ച ഘട്ടം. അന്നത്തെ ജില്ല കലക്ടർ കെ.ജയകുമാറിൻറെ നേതൃത്വത്തിൽ ജില്ലയിൽ എങ്ങും അന്ന് ഫുട്ബാൾ ആവേശവും ഉയർന്നു. ഫൈനലിൽ സോവിയറ്റ് യൂണിയൻ ബൾഗേറിയ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയത് പതിനായിരങ്ങൾ. അതിൽ ഒരാളായി ഞാനും ഇടംപിടിച്ചു. അന്ന് ഉള്ളിൽ ശക്തമായി കയറികൂടിയ പന്തും, കളം നിറയുന്ന കളിക്കാരും പിന്നെ ഇറങ്ങിയില്ല.
1988 ൽ റൂഡ് ഗുള്ളിറ്റ് , മാർക്കോ വൻബാസ്റ്യാൻ, ഫ്രാങ്ക് റായ്‌കാർഡ് എന്നിവരുടെ നേതൃത്വത്തിൽ ഹോളണ്ട് യൂറോ കപ്പ് സ്വന്തമാക്കിയപ്പോൾ ഹോളണ്ടിനോട് കടുത്ത ആരാധനയായി. 1974 ലും 1978 ലും ഹോളണ്ട് വേൾഡ് കപ്പ് ഫൈനലിൽ തോറ്റത് വേദനയായി.
2010 ൽ അരിയാൻ റോബൻ, സ്‌നൈഡർ, റോബിൻ വാൻ പേഴ്സി എന്നിവർ ഹോളണ്ടിന്റെ പ്രതാപം വീണ്ടും വാനോളമുയർത്തി. എന്നിലെ ആരാധകൻ വീണ്ടും നൃത്തംവെച്ചു. എന്നാൽ ഫൈനലിൽ സ്പെയിനിനോട് എക്സ്ട്രാ ടൈമിലെ തോൽവിയോടെ കപ്പ് മൂന്നാമതും നഷ്ടപ്പെട്ടു.
ഈ വേൾഡ് കപ്പിലും ഹോളണ്ടിനൊപ്പം ഞാനും പ്രതീക്ഷയിലാണ്. ക്യാപ്റ്റൻ വാൻ ഡെയ്കിക് അടക്കം ഒട്ടുമിക്ക കളിക്കാരും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നവരുമാണ്. പ്രതീക്ഷകൾ പുലരട്ടെ.
കുവൈത്തിൽ പുലർച്ചെയാകും ഇത്തവണത്തെ മൽസരങ്ങൾ കാണാൻ കഴിയുക. എല്ലാ മത്സരങ്ങളും കാണാൻ കഴിയുമോ എന്നറിയില്ല. എങ്കിലും ചില മത്സരങ്ങൾ നിർബന്ധമായും കാണേണ്ടത് തന്നെയാണ്.
1990 വേൾഡ്കപ്പ് കുവൈത്തിൽ നിന്നാണ് കണ്ടത്. റോജർ മില്ലയുടെ കാമറൂൺ അട്ടിമറിയും വെസ്റ്റ് ജർമ്മനിയുടെ വിജയാഘോഷങ്ങളും തീരും മുമ്പേ ഇറാഖ് കുവൈത്തിനെ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തത് ഇപ്പോൾ ഓർക്കുകയാണ്.
2026 ൽ മറ്റൊരു ഫുട്ബാൾ ഉൽസവത്തിന് ലോകം കൺതുറന്നിരിക്കെ മേഖലയിലെ സഥിതിയും മറ്റൊന്നല്ല, കാലത്തിന്റെ മറ്റൊരു കളി. സംഘർഷങ്ങൾക്കുമേൽ സമാധാനത്തിന്റെ, ഒരുമയുടെ കാൽപന്തുകൾ ഉരുളട്ടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

