ഫുട്ബാൾ ഡയറി - ഫുട്ബാളിനൊപ്പം വളരുന്ന സൗഹൃദം
text_fieldsവീട്ടിൽ നിന്ന് കുറച്ചകലെ ഉണ്ടായിരുന്ന കുഞ്ഞമ്മദ് കാക്കയുടെ വീട്ടിലെ ചായപ്പിലായിരുന്നു 14 ഇഞ്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ ഞങ്ങൾ കൂട്ടുകാർ കളി കണ്ടിരുന്നത്. കനത്ത മഴയും ഇടിയും അതിജീവിച്ച് ഞാനും അനിയനും ടോർച്ചിന്റെ വെളിച്ചത്തിൽ അവിടെയെത്തി കളികാണും. മഴ കനക്കുമ്പോൾ വൈദ്യുതി പോകും. ചില മികച്ച മൽസരങ്ങളും അതുവഴി നഷ്ടപ്പെടും
ഫുട്ബാളിന്റെ നാടായ മലപ്പുറത്ത് ലോകക്കപ്പ് എത്തുമ്പോൾ വലിയ ആവേശവും കൂടെയെത്തും. അങ്ങാടികളിലും കവലകളിലും ചർച്ചയും അതായി മാറും. അന്ന് എന്റെ നാട്ടിലെ വീടുകളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ പോലും അപൂർവ്വമായിരുന്നു. രാവിലെ പഞ്ചായത്ത് വായനശാലയിൽ പോയി പത്രങ്ങളിലെ സ്പോർട്സ് പേജുകൾ വായിച്ചായിരുന്നു ഞങ്ങൾ ടീമുകളെയും താരങ്ങളെയും കുറിച്ച് കൂടുതൽ പഠിച്ചത്.
1990-ലെ ആ ജൂൺ, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് വിരുന്നെത്തിയത്. വീട്ടിൽ നിന്ന് കുറച്ചകലെ ഉണ്ടായിരുന്ന കുഞ്ഞമ്മദ് കാക്കയുടെ വീട്ടിലെ ചായപ്പിലായിരുന്നു 14 ഇഞ്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ ഞങ്ങൾ കൂട്ടുകാർ കളി കണ്ടിരുന്നത്. കനത്ത മഴയും ഇടിയും അതിജീവിച്ച് ഞാനും അനിയനും ടോർച്ചിന്റെ വെളിച്ചത്തിൽ അവിടെയെത്തി കളികാണും. മഴ കനക്കുമ്പോഴും വൈദ്യുതി പോകും. ചില മികച്ച മൽസരങ്ങളും അതുവഴി നഷ്ടപ്പെടും. അർജന്റീനയും ബ്രസീലുമായിരുന്നു നാട്ടിൽ ജനപ്രീതിയാർജിച്ചിരുന്ന ടീമുകൾ.
കളർ ടെലിവിഷൻ കൂടുതൽ പ്രചാരത്തിലേക്ക് വന്നതോടെ 94 ലോകക്കപ്പ് വലിയ അനുഭവമായി. റോമാരിയോയും ബെബറ്റോയും നയിച്ച ബ്രസീൽ നീണ്ട ഇടവേളക്ക് ശേഷം ലോകകിരീടം വീണ്ടും സ്വന്തമാക്കി. ഇറ്റലിയെ ഫൈനൽ വരെ നയിച്ച റോബർട്ടോ ബാജിയോയുടെ ഒരൊറ്റ പെനാൽറ്റി പുറത്തുപോയതോടെ നായകൻ വില്ലനായ നിമിഷവും ജനം കണ്ടു.
അതേ ലോകക്കപ്പിൽ മറഡോണ ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി നാട്ടിലേക്ക് മടക്കിയയക്കപ്പെട്ടത് ലോക ഫുട്ബോളിനെ നടുക്കിയ സംഭവമായി. ഞങ്ങൾ അർജന്റീന ആരാധകരും കൂടെ നടുങ്ങി.
ചെറിയ ടെലിവിഷനുകളിൽ നിന്ന് വലിയ സ്ക്രീനുകളിലേക്ക് ലോകം മാറിയ കാലം ആയിരുന്നു 1998-ൽ ഫ്രാൻസിൽ നടന്ന ലോകക്കപ്പ്. കേരളത്തിൽ പല ടീമുകൾക്കും ഫാൻ അസോസിയേഷനുകൾ രൂപം കൊണ്ട കാലവും അതുതന്നെ.
സിനദിൻ സിദാൻ എന്ന മാന്ത്രികന്റെ ചിറകിലേറി ഫ്രാൻസ് ആദ്യമായി ലോകകിരീടം നേടിയത് ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ച ഘട്ടത്തിലാണ് 2002 ലോകക്കപ്പ് എത്തിയത്. റൊണാൾഡോ, റിവാൾഡോ, റൊണാൾഡീഞ്ഞോ സഖ്യം മികവ് തെളിയിച്ച ആ ലോകക്കപ്പിൽ ബ്രസീൽ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തി. കടുത്ത അർജന്റീന ആരാധകൻ ആയിരുന്ന ഞാൻ പോലും ബ്രസീലിയൻ ഫുട്ബാളിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.
2022-ലെ ഖത്തർ ലോകക്കപ്പാണ് എനിക്ക് ഏറ്റവും മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച ടൂർണമെന്റ്. ഇഷ്ട ടീമമായ അർജന്റീനയും ലയണൽ മെസ്സിയും ലോകത്തിന്റെ നെറുകയിലെത്തിയത് അതിയായ സന്തോഷമായി. ഒരു മത്സരം പോലും നേരിട്ട് കാണാൻ സാധിക്കാത്തത് ദു:ഖമായി. ബ്രസീലും അർജന്റീനയും തമ്മിലുള്ള ഒരു ലോകക്കപ്പ് മത്സരം നേരിൽ കണ്ട് അനുഭവിക്കണമെന്നതാണ് അടുത്ത സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

