ഫുട്ബാൾ ഡയറി - ഗൾഫ് മണ്ണിലെ ഫുട്ബാൾ ആവേശം
text_fieldsപകലന്തിയോളം നീളുന്ന കഠിനാധ്വാനത്തിനൊടുവിൽ മുറിയിലെത്തുമ്പോൾ കാത്തിരിക്കുന്ന
രാത്രിയിലെ ഫുട്ബാൾ പോരാട്ടങ്ങൾ മനസ്സിന് നൽകുന്ന ആശ്വാസം
ചെറുതല്ല. അത് കേവലമൊരു കളിയല്ല മറിച്ച് ജന്മനാടുമായി ബന്ധിപ്പിക്കുന്ന ആത്മബന്ധത്തിന്റെ മാന്ത്രികപ്പാലമാണ്
ഫുട്ബാൾ എന്താണെന്നുപോലും അറിയാത്ത ബാല്യത്തിലായിരുന്നു 1998-ലെ ലോകകപ്പിലൂടെ ഞാൻ കാൽപ്പന്തുകളിയുടെ മാന്ത്രികതയിലേക്ക് എത്തുന്നത്. ടെലിവിഷൻ അപൂർവമായിരുന്ന ആ കാലത്ത്, നാടായ മണ്ണാർക്കാട് വെള്ളപ്പാടത്തെ ചെറിയ ക്ലബ്ബിലെ ടിവിയിൽലാണ് കളി കണ്ടുതുടങ്ങിയത്. പതിയെ പതിയെ കളികളത്തിലെ പന്തിനൊപ്പമുള്ള നൃത്തചുവടുകൾ എന്നെ ആവേശിക്കാൻ തുടങ്ങി.
കളി കഴിഞ്ഞാൽ പിന്നെ കാത്തിരിപ്പ് പിറ്റേന്നത്തെ പത്രത്തിനായിരുന്നു. പ്രിയപ്പെട്ട ടീമിന്റെ വാർത്തകൾ വായിച്ചുതീർക്കുമ്പോഴാണ് മത്സരത്തിന്റെ ആവേശം പൂർണമാകുന്നത്.
സൗകര്യങ്ങളും ആർഭാടങ്ങളും കുറവായിരുന്നെങ്കിലും, ആ ലോകകപ്പ് സമ്മാനിച്ച സന്തോഷവും കൂട്ടായ്മയും ഇന്നും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. അതുകൊണ്ടുതന്നെ ആ ഓർമ്മകൾക്ക് ഒരു ലോകകപ്പ് ഫൈനലിനേക്കാൾ മധുരമുണ്ട്. ഫുട്ബാൾ ഒരു ആവേശമായും ലഹരിയായും എന്നിൽ വളർന്നത് ആ കാഴ്ചകളിലൂടെയാണ്.
ഇപ്പോൾ, മണലാരുണ്യത്തിന്റെ വിരസമായ ദിനചര്യകൾക്ക് വിരാമമിട്ടുകൊണ്ടാണ് വീണ്ടുമൊരു ലോകകപ്പ് വസന്തം കടന്നുവരുന്നത്.
പകലന്തിയോളം നീളുന്ന കഠിനാധ്വാനത്തിനൊടുവിൽ മുറിയിലെത്തുമ്പോൾ കാത്തിരിക്കുന്ന രാത്രിയിലെ ഫുട്ബാൾ പോരാട്ടങ്ങൾ മനസ്സിന് നൽകുന്ന ആശ്വാസം ചെറുതല്ല. അത് കേവലമൊരു കളിയല്ല മറിച്ച് ജന്മനാടുമായി ഞങ്ങളെ ബന്ധിപ്പിക്കുന്ന ആത്മബന്ധത്തിന്റെ മാന്ത്രികപ്പാലമാണ്.
ഇപ്പോൾ മുറികളിൽ ഉറക്കമില്ലാത്ത രാത്രികളാണ്. അർധരാത്രിയിലെ നിശബ്ദതയിൽ, ആ ചെറിയ ടെലിവിഷൻ സ്ക്രീനിന്റെ വെളിച്ചത്തിനു മുന്നിൽ ഒത്തുകൂടുന്ന സൗഹൃദക്കൂട്ടങ്ങൾ നൽകുന്ന ഒരു ലഹരിയുണ്ട്. പകൽ സമയത്തെ ജോലിയുടെ സമ്മർദ്ദങ്ങളും, നാടിനെയും വീടിനെയും കുറിച്ചുള്ള ആധികളും വേവലാതികളും ആ തൊണ്ണൂറ് മിനിറ്റിലെ പന്തുരുളലിൽ എവിടെയോ മറഞ്ഞുപോകുന്നു.
കളിക്കളത്തിൽ മെസ്സിയും റൊണാൾഡോയും നെയ്മറും തമ്മിലാണ് പോരാട്ടമെങ്കിൽ, ഞങ്ങളുടെ കൊച്ചു മുറികളിൽ നടക്കുന്നത് മറ്റൊരു വൻകരകളുടെ യുദ്ധമാണ്. സൗഹൃദത്തിന്റെ അതിരുകൾ ലംഘിക്കാത്ത വാക്പോരുകളും തർക്കങ്ങളും വെല്ലുവിളികളും പ്രവാസജീവിതത്തിലെ ജീവശ്വാസമായി മാറുന്നു.
അർജന്റീന ഫാനായ എനിക്ക് ഇത്തവണയും ഇഷ്ടം മെസ്സിയോടും വെള്ളയിൽ നീല വരകളുള്ള ആ ടീമിനോടും തന്നെ.
ലയണൽ മെസ്സിയും സംഘവും കനകക്കിരീടത്തിൽ മുത്തമിട്ട കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ചരിത്ര നിമിഷം ഇത്തവണയും ആവർത്തിക്കുമെന്ന് സ്വപ്നം കാണുന്നു. അന്ന് കേക്ക് മുറിച്ചും, പായസം വിളമ്പിയും ആഘോഷിച്ച ആ രാത്രികൾ പ്രവാസകാലത്തിലെ സുവർണ്ണ നാളുകളാണ്.
നാട്ടിലെ വലിയ സ്ക്രീനുകൾക്ക് മുന്നിൽ കൂട്ടുകാരോടൊപ്പം ആർത്തുവിളിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിലുണ്ടെങ്കിലും കുവൈത്തിലെ കൊച്ചുമുറികളിൽ ഞങ്ങൾ ഫുട്ബാളിന്റെ മറ്റൊരു ലോകം തീർക്കുന്നു. പ്രിയപ്പെട്ട ടീമിന്റെ ജഴ്സിയണിഞ്ഞുo കൊടികൾ തൂക്കിയും മുറികൾ സ്റ്റേഡിയങ്ങളാക്കുന്നു.
ഫുട്ബോൾ എന്ന മാന്ത്രികക്കളി നൽകുന്ന ഈ മാനസിക ഉല്ലാസവും ഒത്തുചേരലുമാണ്, കഠിനമായ പ്രവാസ ജീവിതത്തിന്റെ പാതകളിൽ തളരാതെ മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

