ലോകകപ്പും മറഡോണ ആരാധനയും
text_fieldsവളരെ ചെറുപ്പത്തിൽ വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് കളി കാണാൻ തൊട്ടടുത്ത വീട്ടിൽ പോകുമ്പോൾ കേട്ട് തുടങ്ങിയതാണ് മറഡോണ എന്ന പേര് നാലു വർഷത്തിലൊരിക്കൽ വരുന്ന ഫുട്ബാൾ മാമാങ്കം ഉത്തര അമേരിക്കൻ കളി മൈതാനങ്ങളിൽ ഇപ്പോൾ തകർത്താടുകയാണ്. മത്സരിക്കുന്ന ടീമുകളുടെ വിജയ-പരാജയ മാനദണ്ഡങ്ങൾക്ക് അപ്പുറത്ത് കാൽപന്ത് കളിയെന്ന വികാരമാണ് ഫുട്ബാൾ ലോകകപ്പിലേക്ക് എക്കാലവും എന്നെ ആകർഷിക്കുന്നത്.
ഫുട്ബാൾ എന്നു പറഞ്ഞാൽ ആദ്യ ഓർമ്മയിൽ തെളിയുന്നത് മറഡോണയുടെ മുഖമാണ്. 1986ലെ ലോകകപ്പ് വിജയവും അതിനുശേഷം മറഡോണ ആർജ്ജിച്ചെടുത്ത താര പരിവേഷവുമാണ് എന്നെ ഫുട്ബാളിലേക്ക് ആകർഷിച്ചത്. വളരെ ചെറുപ്പത്തിൽ വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് കളി കാണാൻ തൊട്ടടുത്ത വീട്ടിൽ പോകുമ്പോൾ കേട്ട് തുടങ്ങിയതാണ് മറഡോണ എന്ന പേരും അദ്ദേഹത്തിന്റെ അപദാനങ്ങളും. പിന്നീട് വീട്ടിൽ വരുന്ന ദിനപത്രത്തിലെ സ്പോർട്സ് പേജിൽ നിന്നും അദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചു. അങ്ങനെ നന്നേ ചെറുപ്പത്തിൽ ഞാൻ അർജൻറീനയുടെ ആരാധകനായി മാറി.
വീടിനടുത്തുള്ള ക്ലബ്ബിൽ പോയി കളി കാണുന്ന കാലത്ത് മറ്റ് ടീമുകളുടെ ആരാധകരുമായി തർക്കിക്കാനും മറഡോണയുടെ അർജൻറീനയുടെ വിജയം കാണാൻ കൊതിക്കുകയും ചെയ്തിരുന്നു. 1990ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ മറഡോണയുടെ അർജൻറീന ഫൈനലിൽ പശ്ചിമ ജർമനിയോട് പരാജയപ്പെട്ടത് ഇപ്പോഴും നീറുന്ന മുറിവായി നിലനിൽക്കുകയാണ്.
മറഡോണ കഴിഞ്ഞ് കനീജിയയുടെയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും റിക്വൽമിയുടെയും കാലത്തൊന്നും ഒരു ലോകകപ്പ് വിജയിക്കാൻ അർജൻറീനക്ക് കഴിഞ്ഞിരുന്നില്ല. പിന്നെ മെസ്സിയുടെ വരവിലും ആദ്യ ലോകകപ്പുകളിൽ നിരാശയായിരുന്നു ഫലം. 2014ലെ ബ്രസീൽ ലോകകപ്പിൽ മെസ്സിയുടെ അർജൻറീന വീണ്ടും ജർമനിയോട് പരാജയപ്പെട്ട് ആരാധകരെ നിരാശരാക്കി. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിലാണ് 36 കൊല്ലത്തിനുശേഷം ഒരു ലോകകപ്പ് വിജയിക്കാൻ അർജൻറീനക്ക് കഴിഞ്ഞത്.
അർജൻറീനയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയ്ക്കോ ലോക ഫുട്ബാളിലെ ഏറ്റവും മികച്ച പ്ലേ മേക്കറായി ഇപ്പോഴും കരുതപ്പെടുന്ന റിക്വൽമിയ്ക്കോ കഴിയാത്തത് ലയണൽ മെസ്സിക്ക് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് മറഡോണ കഴിഞ്ഞാൽ അർജൻറീനയുടെ ഏറ്റവും മികച്ച താരമായി അദ്ദേഹത്തെ മാറ്റുന്നതും. തുടർച്ചയായ രണ്ടാം കിരീടത്തിലൂടെ മറഡോണയെ കടത്തിവെട്ടുന്ന നായകനായി മാറാൻ മെസ്സിക്കു കഴിയട്ടെയെന്ന പ്രാർത്ഥനകളോടെ അർജൻറീനയുടെയും മെസ്സിയുടെയും വിജയത്തിനായി ഈ മണലാരണ്യത്തിൽ ഞാനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

