ഭക്ഷ്യസുരക്ഷ; കുവൈത്ത് അഞ്ചാം സ്ഥാനത്ത്
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷയിൽ മിഡിലീസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളിൽ കുവൈത്ത് അഞ്ചാം സ്ഥാനത്ത്. 2022 അവസാന പാദത്തിലെ കണക്കുകൾ അടിസ്ഥാനമാക്കി ‘ഗ്ലോബൽ ഡേറ്റ’ സൂചികയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ യു.എ.ഇ ഒന്നാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഖത്തർ നാലാം സ്ഥാനത്തും ബഹ്റൈൻ ഒമ്പതാം സ്ഥാനത്തുമാണെന്ന് സാവ്യ വെബ്സൈറ്റ് റിപ്പോർട്ടു ചെയ്തു.
വിതരണ ശൃംഖല പ്രശ്നങ്ങളും ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള അടിസ്ഥാന അസംസ്കൃത വസ്തുക്കളുടെ വിലവർധനയും മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയെ ബാധിക്കുന്നതായും സാവ്യ ചൂണ്ടിക്കാട്ടി. ഇത് ഭക്ഷ്യ അപകടസാധ്യതകളും കടങ്ങളും വർധിപ്പിക്കുന്നതിന് കാരണമാകുന്നു.
തൽഫലമായി മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖല രാജ്യങ്ങൾ അതിന്റെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളിൽ ഭൂരിഭാഗവും റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നും ഇറക്കുമതി ചെയ്യുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുക്രെയ്നിലെയും സിറിയയിലെയും സംഘർഷം, ആഫ്രിക്കയിലെ വരൾച്ച തുടങ്ങിയ ഘടകങ്ങൾ കാരണം ഭക്ഷ്യവിതരണ ശൃംഖലകളിൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

