ഭക്ഷ്യസുരക്ഷ നിയമലംഘനം: കർശന നടപടി
text_fieldsഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തൽ, സുരക്ഷ ഉറപ്പുവരുത്തൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് പരിശോധന ശക്തമാക്കി അധികൃതർ. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ കഴിഞ്ഞ ദിവസം ഹവല്ലി, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ 32 നിയമലംഘനങ്ങൾ കണ്ടെത്തി. നാലു റിപ്പോർട്ടുകളും രണ്ടു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയതായി ഭക്ഷ്യ-പോഷക അതോറിറ്റി അറിയിച്ചു. ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും അവ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടികൾ സ്വീകരിച്ചു.
മുബാറക് അൽ കബീറിൽ നടത്തിയ പരിശോധനയിൽ മായം ചേർത്ത ഭക്ഷണം വിൽക്കൽ, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിംഗ് ചട്ടങ്ങൾ, ആരോഗ്യ സർട്ടിഫിക്കറ്റ് സംബന്ധിച്ച വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒമ്പത് ലംഘന റിപ്പോർട്ടുകൾ നൽകി. ഉറവിടം വ്യക്തമല്ലാത്ത 12.299 കിലോ മായം ചേർത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കൽ, ഭക്ഷ്യ സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, നിയമലംഘനങ്ങൾ തടയൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. രാജ്യത്തുടനീളം പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

