സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണത്തിന് തിക്കും തിരക്കും
text_fieldsകുവൈത്ത് സിറ്റി: സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണ സ്ഥലങ്ങളിൽ തിക്കും തിരക്കും അനു ഭവപ്പെടുന്നു. കോവിഡിെൻറ സമൂഹവ്യാപനത്തിനുതന്നെ കാരണമായിത്തീരുമോ എന്ന് ആശങ്ക പ്പെടുത്തുന്ന നിലയിലാണ് തിരക്ക് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം കാരണം ലോക്ഡൗൺ പ്രഖ്യാപിച്ച ജലീബിലെ ഭക്ഷണവിതരണത്തിെൻറ വരി ഏറെ ദൂരം നീണ്ടു. വിതരണം നടക്കുന്ന മുൻഭാഗത്ത് കാര്യമായ തിരക്കും അനുഭവപ്പെട്ടു. സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് താമസസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കണമെന്നും പൊതുഇടങ്ങളിൽ ഇത്തരത്തിൽ ഭക്ഷണവിതരണം നടത്തുന്നത് വൈറസ് വ്യാപനത്തിന് കാരണമാവുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധർ നൽകുന്നു.
വരും ദിവസങ്ങളിൽ ക്ഷാമം അനുഭവപ്പെടുമെന്ന സംശയമാണ് വ്യാഴാഴ്ച ആളുകൾ തിരക്കുകൂട്ടി ശേഖരിക്കാൻ കാരണമായത്. ജോലിയും വരുമാനവുമില്ലാതായവരിൽ വലിയൊരു വിഭാഗം താമസിക്കുന്നത് ജലീബിലാണ്. ടാക്സി തൊഴിലാളികൾ, അടച്ചിട്ട കടകളിലെ ജീവനക്കാർ തുടങ്ങി പതിനായിരങ്ങളാണ് വരുമാനമില്ലാതെ പ്രയാസപ്പെടുന്നത്. കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി, അൽ നജാത്ത് സൊസൈറ്റി, അബ്റാർ തുടങ്ങി നിരവധി കുവൈത്തി സന്നദ്ധ സംഘടനകളാണ് രാജ്യവ്യാപകമായി ഭക്ഷണവിതരണം നടത്തുന്നത്.