വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ യാത്ര: കണ്ടത് മാനുഷികതയുടെ മുഖങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സായ നൈസക്കും മക്കൾക്കും ഒരിക്കലും മറക്കാനാകില്ല ആ അഞ്ചു ദിനങ്ങൾ. കേരളം മഹാപ്രളയത്തിൽപെട്ട ആ ദിവസങ്ങളിൽ ദുരിതത്തിനൊപ്പം മനുഷ്യത്വത്തിെൻറ മുഖങ്ങൾ കൂടി കാണുകയായിരുന്നു നൈസയും മക്കളായ ആറാം ക്ലാസ് വിദ്യാർഥി ഗോഡ്സണും ഒരു വയസ്സുകാരി ജിയയും.
കുവൈത്തിൽ തിരിച്ചെത്തിയ ശേഷവും ആ ഒാർമകളാണ് ഇവരുടെ മനസ്സിൽ. ഒരു പരിചയവുമില്ലാത്തവർ സഹായത്തിന് എത്തുന്നതും കൂടെ താമസിപ്പിച്ചതും എല്ലാം പ്രളയത്തിെൻറ നല്ല ഒാർമകളാണ് നൈസക്ക്. ആഗസ്റ്റ് 14ന് രാത്രിയാണ് നൈസയും മക്കളും കുവൈത്തിൽനിന്ന് നെടുമ്പാശ്ശേരിക്ക് കുവൈത്ത് എയർവേസ് വിമാനത്തിൽ പുറപ്പെട്ടത്. കൊച്ചി എത്താറായെന്ന പ്രതീക്ഷയിൽ ഇരിക്കുേമ്പാഴാണ് വിമാനത്താവളം അടച്ച വിവരം അറിയുന്നത്. കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ വട്ടമിെട്ടങ്കിലും സൗകര്യമില്ലാത്തതിനാൽ ഇറങ്ങാനായത് ചെന്നൈയിലാണ്.
രാവിലെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തെങ്കിലും കൊച്ചിയിലേക്ക് തിരികെ പറക്കാമെന്ന പ്രതീക്ഷയിലായിരുന്നു വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും. അതിനാൽ, എല്ലാവരും വിമാനത്തിനുള്ളിൽ തന്നെ ഇരുന്നു. കൊച്ചി വിമാനത്താവളം പൂർണമായും അടച്ചതായ വിവരം ലഭിച്ചേതാടെ യാത്രക്കാരെ കുവൈത്ത് എയർവേസ് അധികൃതർ തന്നെ ഹോട്ടലിലേക്ക് മാറ്റി. അപ്പോഴേക്കും ഒരു വയസ്സുകാരി ജിയക്ക് കടുത്ത പനിയായി.
നഴ്സായിട്ട് പോലും നൈസ പകച്ചുപോയി. കുട്ടിക്കുള്ള ഭക്ഷണവും തീർന്നുതുടങ്ങി. ഇതിനിടെ, കുവൈത്തിൽനിന്ന് വിമാനത്തിൽ പരിചയപ്പെട്ട മുതിർന്ന സ്ത്രീയും മറ്റൊരു ചേട്ടനും സഹായത്തിനെത്തി. കുവൈത്ത് എയർവേസിൽ വന്ന നല്ലൊരു ശതമാനം പേരും ബസിൽ നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ കൊച്ചുകുട്ടിയുള്ളതിനാൽ നൈസക്ക് സാധിച്ചില്ല. ചെന്നൈയിൽ പരിചയപ്പെട്ട ചേട്ടെൻറ സഹായത്തോടെ ട്രെയിനിൽ ടിക്കറ്റ് ലഭിച്ചു. ആ ചേട്ടൻ തന്നെയാണ് ചെലവിനുള്ള പണവും നൽകിയത്.
ചെന്നൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ പലയിടത്തും നിർത്തിയും പിടിച്ചിട്ടുമെല്ലാം മണിക്കൂറുകൾ വൈകി ട്രെയിൻ ഒാടിക്കൊണ്ടിരുന്നു. വടക്കാഞ്ചേരി എത്തിയപ്പോഴേക്കും മണ്ണിടിഞ്ഞതിനാൽ ട്രെയിൻ സർവിസും നിലച്ചു. അതോടെ, എന്തുചെയ്യുമെന്ന ആശങ്കയിലായി. കൊച്ചുകുട്ടിയെയും കൊണ്ട് ട്രെയിനിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ, വിമാനത്തിൽ പരിചയപ്പെട്ട മുതിർന്ന സ്ത്രീ തൃശൂരുള്ള പരിചയക്കാരെ ആരെയോ വിളിച്ചു. അവർ തൃശൂരിൽനിന്ന് വാഹനത്തിൽ വന്നു.
മണ്ണിടിച്ചിലും മറ്റും മൂലം ചുറ്റിവളഞ്ഞാണ് അവർ ട്രെയിൻ നിർത്തിയിട്ട സ്ഥലത്തെത്തിയത്. ഒരു പരിചയവുമില്ലാഞ്ഞിട്ടും സ്നേഹത്തോടെ പെരുമാറിയ അവർക്കൊപ്പം അവരുടെ വീട്ടിലേക്ക് നീങ്ങി. രണ്ടുദിവസം തൃശൂരിലെ അവരുടെ വീട്ടിൽ ആയിരുന്നു. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സ്വന്തം കുടുംബാംഗങ്ങളെപോലെയാണ് അവർ തന്നെയും മക്കളെയും നോക്കിയതെന്ന് നൈസ പറയുന്നു. തന്നെയും മക്കളെയും കാത്ത് വിമാനത്താവളത്തിലും പിന്നീട് റെയിൽവേ സ്േറ്റഷനിലും പോയി നിന്ന ഭർത്താവും ബന്ധുക്കളും ഏറെ പ്രയാസപ്പെട്ടിരുന്നു. മൊബൈൽ ഫോൺ നെറ്റ്വർക്ക് വന്ന ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടു. വെള്ളം കുറയുന്നുവെന്ന വാർത്ത ആശ്വാസം നൽകി. ആഗസ്റ്റ് 18 ആയപ്പോേഴക്കും തൃശൂർ തന്നെയുള്ള ബന്ധുവിെൻറ വീട്ടിലേക്ക് മാറി. അപ്പോഴേക്കും അങ്കമാലി വരെ കാറിലും അവിടെനിന്ന് നാഷനൽ പെർമിറ്റ് ലോറിയിലും ഒക്കെയായി ഭർത്താവും ബന്ധുക്കളും എത്തി. 18ന് വൈകുന്നേരത്തോടെ നാട്ടിലെത്തി.
കൊച്ചി വിമാനത്താവളം അടച്ചതിനെ തുടർന്ന് തിരികെ മടങ്ങാനും ഏറെ പ്രയാസപ്പെട്ടു. അവധി അവസാനിച്ചിട്ടും കേരളത്തിലെ അവസ്ഥ അറിയുന്നതിനാൽ ആരോഗ്യമന്ത്രാലയം നീട്ടിത്തന്നു. ഒടുവിൽ കൊച്ചി വിമാനത്താവളം തുറന്ന സമയത്ത് വൻ തുക നൽകിയാണ് തിരിച്ചെത്തിയത്. കുട്ടിയുടെ പനിയും വെള്ളപ്പൊക്കത്തിെൻറ ഭീകരതയുമൊക്കെ ഏറെ വിഷമിപ്പിച്ചെങ്കിലും ആപത്ത് സമയത്ത് ഒരു പരിചയമില്ലാഞ്ഞിട്ടും ട്രെയിൻ ടിക്കറ്റ് എടുത്തുനൽകിയും പണം നൽകിയും വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചുമെല്ലാം നല്ലമനസ്സു കാട്ടിയവരുടെ ഒാർമകളാണ് ഏറ്റവും കൂടുതലുള്ളതെന്ന് നൈസ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
