വിമാന ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കുന്നു; മലയാളികൾക്ക് ദുരിതയാത്ര
text_fieldsകുവൈത്ത് സിറ്റി: വിമാന ഷെഡ്യൂളുകൾ നിരന്തരം വെട്ടിക്കുറക്കുന്നതും റൂട്ട് മാറ്റുന്നതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂളുകളാണ് സാങ്കേതിക പ്രശ്നങ്ങളുടെ കാരണം പറഞ്ഞ് കൂടുതൽ റദ്ദാക്കുന്നത്. ഞായറാഴ്ച കുവൈത്ത്- കോഴിക്കോട് എക്സ്പ്രസ് മംഗലാപുരം വഴിയാണ് യാത്ര. ചൊവ്വാഴ്ച കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന എയർ ഇന്ത്യൻ എക്സ്പ്രസ് റദ്ദാക്കി.
ചൊവ്വാഴ്ച രാവിലെ 9.30ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കണ്ണൂരിൽ എത്തുന്ന വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് അടുത്ത ടിക്കറ്റ് റദ്ദാക്കുകയോ അടുത്ത ഷെഡ്യൂളിലേക്ക് മാറുകയോ ചെയ്യാമെന്നും അറിയിച്ചു. ചൊവ്വ, ഞായർ എന്നിങ്ങനെ ആഴ്ചയിൽ രണ്ട് സർവിസുകളാണ് എയർ ഇന്ത്യക്ക് കണ്ണൂരിലേക്കുള്ളത്.
ചൊവ്വാഴ്ചയിലെ വിമാനം റദ്ദാക്കിയതോടെ പലർക്കും ഞായറാഴ്ചയിലേക്ക് യാത്ര മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. എയർ ഇന്ത്യ ചൊവ്വാഴ്ചകളിലെ കണ്ണൂർ ഷെഡ്യൂൾ റദ്ദാക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്ന് ട്രാവൽസ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. ഇതോടെ കണ്ണൂരിലേക്കുള്ള യാത്രക്കാർ ഗോഫസ്റ്റ് വിമാനത്തിലേക്ക് മാറുന്നുണ്ട്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ഗോഫസ്റ്റിന് ആഴ്ചയിൽ മൂന്ന് സർവിസുണ്ട്.
അതിനിടെ, ഞായറാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ മംഗലാപുരം വഴിയാക്കി. കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ആദ്യം മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങി തുടർന്നാകും കോഴിക്കോട്ടേക്ക് പുറപ്പെടുക. ഇതോടെ കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് ഒന്നരമണിക്കൂറോളം അധിക സമയം എടുക്കും.
യാത്രക്കാർ കുറഞ്ഞതാണ് ഷെഡ്യൂളുകൾ കുറക്കാനും വഴിതിരിച്ചുവിടാനും കാരണമെന്നാണ് സൂചന. എയർ ഇന്ത്യ വിമാനങ്ങളുടെ നിരന്തര പ്രശ്നങ്ങൾ മറ്റു വിമാന കമ്പനികളെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതായി ട്രാവൽസ് രംഗത്തുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

