കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രങ്ങൾ വെള്ളിയാഴ്ച അധിക സമയം പ്രവർത്തിക്കുമെന്നും എംബസി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്വർക്ക് തകരാർ മൂലം ബി.എൽ.എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനാൽ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ആണുള്ളത്.
ഇത് മൂലം വരും ദിവസങ്ങളിൽ വലിയ തിരക്കിനുള്ള സാധ്യത മുന്നിൽ കണ്ടാണ് മേയ് 13 വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സേവനകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ എംബസി തീരുമാനിച്ചത്.വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ വൈകീട്ട് നാലു മുതൽ രാത്രി എട്ടുവരെ ലഭ്യമാകുമെന്നും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.