വിലക്ക് നീങ്ങിയതോടെ വിപണിയിൽ മാലാൻ ചാകര
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് മാലാൻ മത്സ്യം പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെ ശർഖ് ഉൾപ്പെടെ വിപണിയിൽ മാലാൻ ചാകര. മാസങ്ങൾ നീണ്ട വിലക്കിന് ജൂലൈ ഒന്ന് അർധരാത്രി മുതലാണ് വിരാമമായത്. ഇതോടെ നിരവധി ബോട്ടുകൾ മാലാൻ ചാകര തേടി ആഴക്കടലിലേക്ക് തിരിക്കുകയായിരുന്നു. സ്വദേശികളെക്കാൾ ഏറെ വിദേശികളുടെ ഇഷ്ട മത്സ്യമായ മാലാൻ തേടി നൂറുകണക്കിന് പേരാണ് കഴിഞ്ഞദിവസം ശർഖ് മാർക്കറ്റിലെത്തിയത്. സ്വന്തം ആവശ്യത്തിന് പുറമെ ഹോട്ടലുകളിലേക്കും കാറ്ററിങ് കമ്പനികളിലേക്കും ആവശ്യത്തിനുള്ള മത്സ്യം സ്വന്തമാക്കുന്നതിനാണ് പലരും നേരത്തേയെത്തിയത്. ഇതുകാരണം പെരുന്നാളിന് ശേഷം മാർക്കറ്റ് വീണ്ടും സജീവമാകുന്ന കാഴ്ചയായിരുന്നു.
വിലക്ക് പിൻവലിച്ചതിന് ശേഷമുള്ള ആദ്യ ദിനമായതിനാൽ 45-50 ദീനാറിനാണ് ഒരു കുട്ട മലാൻ വിറ്റഴിച്ചത്. ഒരാഴ്ച പിന്നിടുന്നതോടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കച്ചവടക്കാരനായ അഹ്മദ് ഖാജ പറഞ്ഞു. കൂടുതൽ ശേഖരം എത്തുന്നതോടെ കുട്ടക്ക് 12-13 ദീനാർവരെ വില താഴ്ന്നേക്കും. വരും ദിവസങ്ങളിൽ മാലാൻ വില കുട്ടക്ക് 10-15 ദീനാറായും കിലോക്ക് 300-500 ഫിൽസായും കുറയുമെന്നാണ് മീൻ പിടിത്തക്കാരനായ സഈദ് അൽ ഇറാഖിയുടെ പക്ഷം. നിലവിൽ കുവൈത്തി മാലാൻ മാത്രമാണെത്തിയത്. അതിനിടെ, ഇടത്തരം ഇറാനി ഹമൂറിന് അഞ്ചു ദീനാറും വലുതിന് 4.5 ദീനാറുമാണ് കഴിഞ്ഞദിവസം വിപണിവില. കിലോക്ക് ഒമ്പതു ദീനാറായിട്ടാണ് കുവൈത്തി ശഅം, ഇറാനി ആവോലി എന്നിവ വിറ്റഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
