മത്സ്യവിപണിയിൽ വൻ തിരക്ക്; വില കൂട്ടി വിൽപനക്കാർ
text_fieldsകുവൈത്ത് സിറ്റി: ട്രോളിങ് നിരോധനം നീങ്ങിയതോടെ രാജ്യത്തെ മത്സ്യവിപണിയിൽ വീണ്ടും ചെമ്മീൻ സുലഭമായി. ചെമ്മീൻ കരക്കണഞ്ഞതോടെ ശർഖ്, ഫഹാഹീൽ മാർക്കറ്റുകളിൽ സ്വദേശി–വിദേശി ഉപഭോക്താക്കളുടെ വൻ തിരക്കാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്. ഫ്രഷ് ചെമ്മീൻ വാങ്ങാൻ കമ്പനി ഉടമകളും ഹോട്ടലുടമകളും എത്തിയതോടെ പ്രദേശം ആവശ്യക്കാരെക്കൊണ്ട് വീർപ്പ്മുട്ടി. ഇതുകൊണ്ടുതന്നെ വൻ വിലക്കയറ്റവും അനുഭവപ്പെട്ടു. അതിനിടെ, ചെമ്മീന് രണ്ടു മാർക്കറ്റുകളിൽ രണ്ടു വിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
23 കിലോ തൂക്കംവരുന്ന ഒരു കുട്ട ചെമ്മീൻ ഫഹാഹീൽ മത്സ്യമാർക്കറ്റിൽ 73–75 ദീനാറുകൾക്ക് വിൽപന നടത്തിയപ്പോൾ ശർഖ് മാർക്കറ്റിൽ 70–76 ദീനാറിനാണ് ഒരു കുട്ട ചെമ്മീൻ വിറ്റഴിച്ചത്. മുൻ കാലങ്ങളെപ്പോലെ ശർഖ് മാർക്കറ്റിലാണ് ഇക്കുറിയും ചെമ്മീൻ കൂടുതലെത്തിയത്. 390 കുട്ട ചെമ്മീനാണ് മത്സ്യ ബപുനരാംഭിച്ച ആഗസ്റ്റ് ഒന്നിന് കടലിൽപോയവർ ഷർഖ് വിപണിയിലെത്തിച്ചത്. അതേസമയം, ചെമ്മീെൻറ ഇപ്പോഴത്തെ വില കൂടുതൽ സ്ഥായിയല്ലെന്നും കൂടുതൽ മത്സ്യം എത്തുന്നതോടെ വില കുറയുമെന്നും വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ചാകരതേടി കൂടുതൽ ബോട്ടുകൾ പുറപ്പെടുകയും അതിനനുസരിച്ച് വിപണി സജീവമാകുകയും ചെയ്യുന്നതോടെ വില താഴുമെന്നാണ് പ്രതീക്ഷ. ദീർഘനാളത്തെ വിലക്ക് നീങ്ങിയതോടെ ആവശ്യക്കാർ കൂട്ടമായെത്തുന്നത് വില താഴാതിരിക്കാൻ കാരണമാവുന്നു. ഇൗ പ്രവണത ഏതാനും ദിവസത്തേക്ക് കൂടിയേ ഉണ്ടാവുകയുള്ളൂവെന്നാണ് കണക്കുകൂട്ടൽ. സ്വദേശികളുടെ ഇഷ്ട ഇനങ്ങളായ ഹാമൂർ, ബാലൂൺ പോലുള്ള മത്സ്യങ്ങൾക്കും നല്ല വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഒരു കിലോ ഹാമൂർ (6.500), ബാലൂൺ (ഒമ്പത് ദീനാർ), ആവോലി (9– 13)ദീനാർ, ഷഅം അഞ്ച് ദീനാർ, നഖൂർ (6.500), മലാൻ (1.500) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം മറ്റു മത്സ്യങ്ങൾക്ക് വില രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
