ആവോലി മത്സ്യബന്ധന നിരോധനം നീക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ സമുദ്രപരിധിയിൽ ആവോലി പിടിക്കുന്നതിനുള്ള വിലക്ക് നീക്കി. ജൂൺ ഒന്നു മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കായിരുന്നു ആവോലി വേട്ടക്ക് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടവിഭവമായ ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയത്. കുവൈത്ത് കാർഷിക- മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
തെറ്റായ മത്സ്യബന്ധന രീതികളാണ് മത്സ്യസമ്പത്തിൽ കുറവുവരാൻ കാരണമാവുന്നത്. രാജ്യത്തെ മീൻ പിടിത്തക്കാർ പ്രചനന കാലത്തെ മത്സ്യബന്ധന വിലക്ക് നിർദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽരാജ്യക്കാർ സമുദ്രപരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്.
പ്രജനന കാലങ്ങളിലെ മത്സ്യവേട്ടക്കും ചെറുകണ്ണി വലകളിൽ മത്സ്യം പിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് അയൽരാജ്യക്കാർ മത്സ്യവേട്ട നടത്തുന്നതെന്ന് കുവൈത്ത് മത്സ്യബന്ധന യൂനിയൻ പ്രസിഡൻറ് ദാഹിർ അൽ സുവയ്യാൻ കഴിഞ്ഞദിവസം വ്യക്തമാക്കി.
