ചിലഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; ചൂട് കൂടുന്നു,കടൽ ചുവക്കുന്നു
text_fieldsപരിസ്ഥിതി പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥർ കടലിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ വർധന. വെള്ളിയാഴ്ച മുതൽ രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനിലയിലെ വർധന കടലിൽ വേനൽക്കാല തുടക്കത്തിലെ ചുവപ്പുവേലിയേറ്റത്തിനും കാരണമായി. ചിലഭാഗങ്ങളിൽ കടലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും കാരണമായി.രാജ്യത്തെ വിവിധ ബീച്ചുകളിലെ വെള്ളത്തിലെ മാറ്റങ്ങളും മത്സ്യങ്ങളുടെ മരണവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു.
ഒഷൈറേജ്, ദോഹ, ഷുവൈഖ് ബീച്ചുകളിൽ പരിസ്ഥിതി പബ്ലിക് അതോറിറ്റി സംഘങ്ങൾ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായി ഇ.പി.എ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം പറഞ്ഞു.പ്രാഥമിക പരിശോധനകളിൽ കടലിൽ ഓക്സിജനെ ഇല്ലാതാക്കുകയും വെള്ളത്തിന്റെ നിറം മാറ്റുകയും ചെയ്യുന്ന ഒരു പ്ലാങ്ക്ടൺ സ്പീഷീസ് സാന്നിധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മത്സ്യങ്ങളെ ശ്വാസംമുട്ടിക്കുന്നതിലേക്ക് നയിക്കുകയും മരണകാരണമാകുകയും ചെയ്യുന്നതായാണ് വിലയിരുത്തൽ.
തീരപ്രദേശങ്ങളിലെ മനുഷ്യരുടെ പ്രവർത്തനങ്ങളും ജലത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നതായി ശൈഖ അൽ ഇബ്രാഹിം പറഞ്ഞു. കടൽത്തീരങ്ങളിൽ ചത്ത മത്സ്യങ്ങളെ കാണുന്നവർ അതോറിറ്റിയെ അറിയിക്കണം. സമുദ്രജീവികളുടെ സുരക്ഷക്കായി ഉൾക്കടലിന്റെ ബീച്ചുകളിൽ ഇ.പി.എ സർവേ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

