ആദ്യ ഘട്ടം ആരംഭിച്ചു; ഫലസ്തീനികൾക്ക് പാർപ്പിടം ഒരുക്കാൻ കുവൈത്തിലെ നമാ ചാരിറ്റി
text_fieldsനമാ ചാരിറ്റി പ്രവർത്തകർ ഗസ്സയിൽ പാർപ്പിട നിർമാണ വസ്തുക്കൾ എത്തിക്കുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ഗസ്സയിലെ ജനങ്ങള്ക്ക് സുരക്ഷിത പാർപ്പിടം ഒരുക്കുന്നതിനായി കുവൈത്ത് ആസ്ഥാനമായുള്ള നമാ ചാരിറ്റിയുടെ പദ്ധതി.
വടക്കൻ ഗസ്സയിലെ ഫലസ്തീൻ കുടുംബങ്ങളെ പാർപ്പിക്കുന്നതിനായി 100 ലധികം കൂടാരങ്ങൾ നിർമിക്കുമെന്ന് നമാ ചാരിറ്റി ചീഫ് എക്സിക്യൂട്ടീവ് മർസൂഖ് അൽ ഒതൈബി പറഞ്ഞു. ഇതിനായുള്ള ആദ്യ ഘട്ട പ്രവർത്തനം ആരംഭിച്ചു. ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അടിയന്തര സഹായമെന്ന നിലക്കാണിത്.
ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ റിപ്പോർട്ടു പ്രകാരം ഗസ്സയിലെ ജനസംഖ്യയുടെ 85 ശതമാനം പേരെ നിർബന്ധിതമായി കുടിയിറക്കിയതായും 50 ശതമാനത്തിലധികം പാർപ്പിട- അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു. വടക്കൻ ഗസ്സ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആദ്യഭാഗം. ശേഷിക്കുന്ന ഘട്ടത്തിൽ ഫലസ്തീനിലെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം, പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ സമഗ്ര സഹായമെത്തിക്കുകയാണ് നമാ ചാരിറ്റിയുടെ ലക്ഷ്യം. ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്തിന്റെ 33 ട്രക്കുകൾ കൈയ്റോയിൽ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടു. കുവൈത്ത് സകാത്ത് ഹൗസ് സംഭാവന ചെയ്ത ഭക്ഷണവും അവശ്യസാധനങ്ങളും വഹിക്കുന്നവയാണിവ. ഗസ്സക്ക് മാനുഷിക സഹായവുമായി 18 വിമാനങ്ങളിലായി 360 ടണ്ണോളം വസ്തുക്കൾ കുവൈത്ത് ഈജിപ്ത്, ജോർഡൻ എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

