ഇനിയാണ് ശരിക്കും ചൂട്; ജൂലൈ മൂന്നു മുതൽ ഒന്നാം ജെമിനി സീസൺ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താപനില കുത്തനെ ഉയർത്തി വേനൽകാലം പുതിയഘട്ടത്തിലേക്ക്. ജൂലൈ മുന്നോടെ നിലവിലുള്ള അൽ തുവൈബി സീസൺ അവസാനിച്ചു ഒന്നാം ജെമിനി സീസൺ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകും. വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായി കണക്കാക്കപ്പെടുന്നതാണ് ഈ സീസൺ.
താപനിലയിൽ ഗണ്യമായ വർധന, വരണ്ട കാലാവസ്ഥ, കടുത്ത ചൂടുള്ള കാറ്റ് എന്നിവ ഒന്നാം ജമിനി സീസണിന്റെ സവിശേഷതയാണ്. ഈ സീസണിൽ സൂര്യന്റെ തീവ്രത അതിന്റെ ഉച്ചസ്ഥായിയിലെത്തും. സൂര്യന്റെ ചലനത്തിലും ചരിവിലും മാറ്റങ്ങൾ പ്രകടമാകും.
ജ്യോതിശാസ്ത്രപരമായി, സൂര്യൻ അതിന്റെ വടക്കേ അറ്റത്ത് നിന്ന് അകന്നുപോകാൻ തുടങ്ങുകയും ക്രമേണ തെക്കോട്ട് ഭൂമധ്യരേഖയിലേക്ക് നീങ്ങുകയും ചെയ്യും. സൗര, ചാന്ദ്ര കലണ്ടറുകളിൽ ഈ കാലയളവിനെ ‘അൽ ഹഖ’ എന്നും വിളിക്കുന്നു.
പിറകെ രണ്ടാം ജെമിനി സീസണിന് തുടക്കമാകും. 13 ദിവസം നീണ്ടുനിൽക്കുന്നതാകും ഇതും. ജെമിനി രണ്ടാം സീസണിൽ പകലിന്‍റെ ദൈര്‍ഘ്യം വര്‍ധിക്കും. കൊടും ചൂടും ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ‘ബഹൂറ വേനൽ’ എന്നാണ് ജെമിനി രണ്ടാം സീസണ്‍ അറിയപ്പെടുന്നത്. ഈ സീസണിൽ രാത്രിയിൽ പോലും ശക്തമായ കാറ്റും, ഈർപ്പവും താപനിലയില്‍ വർദ്ധനവും ഉണ്ടാകും.
പകൽ സമയത്ത് താപനില റെക്കോർഡ് തലത്തിലേക്ക് എത്തും. തുടർന്ന് മിർസാം സീസണ് തുടക്കമാകും. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. ആഗസ്റ്റ് അവസാനത്തോടെ മിർസാം സീസൺ അവസാനിക്കുകയും താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

