കുവൈത്ത് എയർവേസ് ടെർമിനലിൽനിന്ന് ആദ്യ വിമാനം ബഹ്റൈനിലേക്ക് പുറപ്പെട്ടു
text_fieldsധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ്, സേവനകാര്യ മന്ത്രി ജിനാൻ ബൂഷഹരി എന്നിവർ ആദ്യ യാത്രക്കാരായി
കുവൈത്ത് സിറ്റി: വ്യോമയാന മേഖലയിലെ കുവൈത്തിെൻറ കുതിപ്പിന് കരുത്ത് പകർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽനിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച രാവിലെ എട്ടിന് ബഹ്റൈനിലേക്ക് പുറപ്പെട്ടു.
ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ്, ഭവന ക്ഷേമ, സേവനകാര്യ മന്ത്രി ജിനാൻ ബൂഷഹരി എന്നിവർ ആദ്യ യാത്രക്കാരായി. കുവൈത്ത് എയർവേസിന് മാത്രമായുള്ള നാലാം ടെർമിനൽ ജൂലൈ നാലിന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും അനുബന്ധ സൗകര്യങ്ങളൊരുക്കാൻ വൈകിയതിനാലാണ് ആദ്യ സർവിസ് നീട്ടിവെച്ചത്.
എന്നാൽ, പ്രവർത്തനം ഇപ്പോഴും പൂർണ തോതിൽ ആയിട്ടില്ല. ആഗസ്റ്റ് 15 മുതൽ പടിപടിയായി ഷെഡ്യൂളുകൾ വർധിപ്പിക്കും. ഇപ്പോൾ പതിവ് പോലെ ഒന്നാം ടെർമിനൽ വഴിയാണ് കുവൈത്ത് എയർവേസ് യാത്രക്കാർ അകത്തേക്ക് പ്രവേശിക്കേണ്ടത്.
ഇൗമാസം അവസാനത്തോടെ നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നതെന്ന് സിവിൽ വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ജാസിം പറഞ്ഞു. 14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 2,25,000 ചതുരശ്രമീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനലിനുള്ളത്. 2450 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്നതാണ് പാർക്കിങ് സ്പേസ്.
പ്രതിവർഷം 4.5 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷനാണ് നാലാം ടെർമിനലിെൻറ പ്രവർത്തന നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്.
കുവൈത്തിലെ വ്യോമയാന വ്യവസായത്തിെൻറ വികസന ചരിത്രത്തിൽ നാഴികക്കല്ലാണ് കുവൈത്ത് എയർവേസിനായുള്ള പ്രത്യേക ടെർമിനൽ എന്ന് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ് പറഞ്ഞു. പുതിയ ടെർമിനൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകും.
പ്രവർത്തനം പൂർണതോതിലാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പത്തുശതമാനം യാത്രക്കാർ ഇതുവഴിയാവും യാത്രചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാത്രമായി ടെർമിനൽ ഉള്ളത് കുവൈത്ത് എയർവേസിന് കരുത്താവുമെന്ന് സേവനകാര്യ മന്ത്രി ജിനാൻ ബൂഷഹരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
