പ്രഥമ അറബ് ഐസ് ഹോക്കി; ലബനാന് കിരീടം
text_fieldsഅറബ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ലബനാൻ ടീം
കുവൈത്ത് സിറ്റി: പ്രഥമ അറബ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന് സമാപനം. ഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തി ലബനീസ് ദേശീയ ടീം കിരീടം ചൂടി. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് ഹാളിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ ലബനീസ് (5-4) ഒരു ഗോളിന്റെ ലീഡിലായിരുന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ലബനീസ് മറുപടിയില്ലാതെ നാലു ഗോളുകൾ നേടിയത് കുവൈത്തിന് തിരിച്ചടിയായി. അതേസമയം, കുവൈത്തിന് നിരവധി അവസരങ്ങൾ പാഴായി.
ബഹ്റൈനെ തോൽപിച്ച് ഒമാൻ മൂന്നാം സ്ഥാനവും വെങ്കല മെഡലും നേടി. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, തുനീഷ്യ, അൽജീരിയ, ബഹ്റൈൻ, സൗദി അറേബ്യ, ലബനാൻ, ഈജിപ്ത്, ഒമാൻ എന്നിങ്ങനെ എട്ടു ടീമുകൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു പുറമെ ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരൻ, മികച്ച സ്ട്രൈക്കർ, ഡിഫൻഡർ, ഗോൾകീപ്പർ എന്നിവരെയും ആദരിച്ചു.
ടൂർണമെന്റിന്റെ സംഘടിപ്പിക്കുന്നതിൽ ക്ലബ് വിജയിച്ചതായി കുവൈത്ത് ഒളിമ്പിക് കമ്മിറ്റി മേധാവി ശൈഖ് ഫഹദ് അൽ നാസർ അസ്സബാഹ് പറഞ്ഞു. കുവൈത്തിനെ അന്താരാഷ്ട്ര കായിക ഭൂപടത്തിൽ പ്രതിഷ്ഠിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്പോർട്സ് ഫെഡറേഷനുകൾക്കും ക്ലബുകൾക്കും സാങ്കേതിക പിന്തുണ നൽകാൻ ഒളിമ്പിക് കമ്മിറ്റി താൽപര്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

