അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല; 41 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലംഘനങ്ങൾ കണ്ടെത്തിയ 41 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഫയർഫോഴ്സിന്റെ ലൈസൻസ് ഇല്ലാത്തതും സുരക്ഷ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കാത്തതുമാണ് നടപടിക്ക് കാരണമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
രാജ്യത്ത് തീപിടിത്തവും അപകടങ്ങളും ഒഴിവാക്കുന്നതിനായി ഫയർഫോഴ്സ് പരിശോധന കർശനമാക്കിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു. നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

