അഗ്നിസുരക്ഷ ചട്ടങ്ങൾ കർശനമായി പാലിക്കണം
text_fieldsഅപകടം നടന്ന അപ്പാർടുമെന്റിൽ ജനറൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: റിഗ്ഗയിൽ തീപിടിത്ത ദുരന്തമുണ്ടായ അപ്പാർടുമെന്റിൽ ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലി അൽ ഖഹ്താനിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. അഗ്നിശമന സേന മേഖല ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ അബ്ദുൽ അസീസ് ഹമദിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ച ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലി അൽ ഖഹ്താനി റെസിഡൻഷ്യൽ ഏരിയകളിൽ ഇവകൃത്യമായി പാലിക്കണമെന്നും ഉണർത്തി. തീപിടിത്ത അപകടത്തിന് കാരണമാകുന്നതും രക്ഷാപ്രവർത്തനം സങ്കീർണമാക്കുന്നതുമായ നടപടികളെക്കുറിച്ച് വസ്തു ഉടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി.
അടച്ചിട്ട വാതിലുകളും മേൽക്കൂരയിലേക്കുള്ള പ്രവേശനം ഇല്ലാത്തതും രക്ഷാപ്രവർത്തനങ്ങളെ വലിയ രൂപത്തിൽ തടസ്സപ്പെടുത്തുന്നു. ഇത് ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നു. ഇത്തരം സുരക്ഷ ലംഘനങ്ങൾ ഉടനടി തിരുത്തണമെന്ന് അദ്ദേഹം പ്രോപർട്ടി ഉടമകളോടും കെട്ടിട മാനേജർമാരോടും അഭ്യർഥിച്ചു. ജാഗ്രത പാലിക്കാനും സുരക്ഷ അപകടങ്ങൾ ഉണ്ടായാൽ ഉടനടി അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നി സുരക്ഷാ നിയമങ്ങൾ ഉറപ്പാക്കുന്നതിന് പരിശോധന തുടരുമെന്ന് ജനറൽ ഫയർഫോഴ്സ് വ്യക്തമാക്കി. രാജ്യത്തെ ഫയർ സേഫ്റ്റി കോഡ് അനുസരിച്ച് എല്ലാ റെസിഡൻസ്യൽ, കമേഴ്ഷൽ പ്രോപർട്ടികളിലും ഫയർ എക്സിറ്റുകൾ, അലാറങ്ങൾ, തീ കെടുത്തൽ സംവിധാനങ്ങൾ എന്നിവ നിർബന്ധമാണ്. ഞായറാഴ്ചയാണ് റിഗ്ഗയിലെ രണ്ട് അപ്പാർടുമെന്റിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

