തീപിടിത്തം; ശൈത്യകാലത്തും വേണം കരുതൽ
text_fieldsകുവൈത്ത് സിറ്റി: ചൂടുകാലത്തിൽനിന്ന് രാജ്യം തണുപ്പ് സീസണിലേക്ക് പ്രവേശിച്ചെങ്കിലും തീ പിടിത്തത്തെക്കുറിച്ച ജാഗ്രത കുറക്കേണ്ട. രാജ്യത്ത് ഉയർന്ന വേനലിൽ തീപിടിത്തം കൂടുതൽ റിപ്പോർട്ട് ചെയ്യാറുണ്ട്.
ഇതിനനുസരിച്ച് ജനങ്ങൾ പ്രതിരോധ നടപടികളും സ്വീകരിക്കാറുണ്ട്. തണുപ്പു സീസണിലും അപ്പാർട്ട്മെന്റുകളിലും സഥാപനങ്ങളിലും ഇതേ ജാഗ്രത തുടരണം.
കഴിഞ്ഞ ദിവസം അബ്ബാസിയയിൽ അപ്പാർട്ട്മെന്റിലും അഹമ്മദി വ്യവസായിക മേഖലയിലും തീപിടിത്തമുണ്ടായി. കഴിഞ്ഞയാഴ്ച ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിരോധം പ്രധാനം
അപ്പാർട്ടുമെന്റുകളിലും ഓഫിസുകളിലും പാചകം, ഇലക്ട്രിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിൽ സൂക്ഷ്മത വേണം. അടുക്കളയിലെ ഇലക്ട്രിക് പാചക സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, മൈക്രോ ഓവൻ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കണം. തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ വീടുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. എളുപ്പത്തിൽ തീപിടിക്കാനിടയുള്ള വസ്തുക്കൾ അടുപ്പിന് സമീപം വെക്കരുത്. ഇത്തരത്തിലുള്ളവ സുരക്ഷാസംവിധാനങ്ങളോടുകൂടി സൂക്ഷിക്കണം.
ഇലക്ട്രിക് ഉപകരണങ്ങളിൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത ഒഴിവാക്കണം. ആവശ്യം കഴിഞ്ഞാൽ സ്വിച്ചുകൾ ഓഫാക്കുകയും ഒരു പ്ലഗിൽ നിന്ന് കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുകയും വേണം.
കനലുകൾ കെടുത്തണം
തണുപ്പ് കൂടുകയും ക്യാമ്പിങ് സീസൺ സജീവമാകുകയും ചെയ്തതോടെ ചൂടു പകരാൻ കരി ഉപയോഗിക്കുന്നവർ നിരവധിയാണ്. വീടുകളിലും ക്യാമ്പിങ് സൈറ്റുകളിലും കരി ഉപയോഗിച്ച് തീ കത്തിച്ച് ചൂട് പകരുന്നത് പതിവാണ്. ഇത്തരക്കാർ ഉപയോഗം കഴിഞ്ഞ ശേഷം തീ കെടുത്താൻ ശ്രദ്ധിക്കണം. കരിയിൽ നിന്ന് തീപടരാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
സുലൈബിയ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സുലൈബിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കെട്ടിടത്തിൽ തീപിടിത്തം. അപകടത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും ശുചീകരണ ജീവനക്കാർക്കും പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങളും അടിയന്തര മെഡിക്കൽ സംഘങ്ങളും ഉൾപ്പെടെയുള്ള അധികാരികൾ ഉടൻ പ്രതികരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീപിടിത്തത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സ്വകാര്യ ക്ലീനിങ് കമ്പനിയിലെ ജീവനക്കാർക്കും പരിക്കേറ്റതായും അവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും മന്ത്രാലയം വിശദീകരിച്ചു. സുലൈബിയ പൊലീസ് സ്റ്റേഷനിൽ തീപിടിത്തത്തിനും പരിക്കിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീപിടിത്ത കാരണം കണ്ടെത്തുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

