കുവൈത്തില്‍ ഉൗഷ്​മാവ്​ മൂന്ന്​ ഡിഗ്രി സെൽഷ്യസ്​

  • പൊടിക്കാറ്റ്​ റോഡ്​ ഗതാഗതത്തെയും തുറമുഖ പ്രവർത്തനത്തെയും ബാധിക്കുന്നു

10:20 AM
14/01/2020
തമ്പുകളിൽ തണുപ്പു മാറ്റാൻ തീ കായുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഏതാനും ദിവസമായി ശക്തമായ തണുപ്പ്​. അടുത്ത ദിവസങ്ങളിലും ശക്തമായ തണുപ്പുണ്ടാവുമെന്ന്​ കാലാവസ്ഥാ വകുപ്പി​​െൻറ പ്രവചനമുണ്ട്​. ഗൾഫ് മേഖലയിലേക്ക് അടിച്ചുവീശുന്ന വടക്ക്-പടിഞ്ഞാറൻ സൈബീരിയൻ കാറ്റാണ് ഉൗഷ്​മാവ്​ ഗണ്യമായ തോതിൽ കുറയാൻ ഇടയാക്കുന്നത്​. കഴിഞ്ഞ ദിവസം രാത്രി മൂന്ന്​ ഡിഗ്രി സെൽഷ്യസ്​ ആണ്​ അന്തരീക്ഷ ഉൗഷ്​മാവ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ രണ്ടു​ വർഷങ്ങളിൽ താരതമ്യേന കനത്ത തണുപ്പ്​ അനുഭവപ്പെട്ടിരുന്നില്ല. ഇത്തവണയും ജനുവരി ആദ്യം വരെ മിതമായ ശീതകാലാവസ്ഥയാണ്​ ഉണ്ടായത്​.

എന്നാൽ, ഒരാഴ്​ചയായി ശക്തമായ തണുപ്പ്​ അനുഭവപ്പെടുന്നു. വടക്കൻ കാറ്റ്​ ചിലപ്പോൾ ശക്തമായും മറ്റ് ചിലപ്പോൾ നേരിയ തോതിലും അടിച്ചുവീശുന്നു. പകൽ ശരാശരി 10​ ഡിഗ്രി സെൽഷ്യസിനടുത്താണ്​ താപനില. രാത്രിയിൽ തണുപ്പ്​ പ്രതിരോധ വസ്​ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങൽ പ്രയാസമാണ്​. പകൽ പൊടിക്കാറ്റ്​ റോഡ്​ ഗതാഗതത്തെയും തുറമുഖ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്​. പൊടിക്കാറ്റ്​ സമയത്ത്​ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

കഴിഞ്ഞദിവസം ചില പ്രദേശങ്ങളില്‍ റോഡുകളും ബോര്‍ഡുകളും വ്യക്തമല്ലാത്ത നിലയില്‍ മഞ്ഞുമൂടി. സുരക്ഷാ സഹായമോ രക്ഷാപ്രവര്‍ത്തനമോ ആവശ്യമെങ്കില്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും കടല്‍യാത്ര ചെയ്യുന്നവര്‍ 1880888 നമ്പറിൽ  അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടണമെന്നു ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും മറ്റു വാഹനങ്ങളില്‍നിന്ന് അല്‍പം അകലം പാലിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു. മൂടല്‍മഞ്ഞ് കാരണം അപകടസാധ്യത കൂടുതലാണ്.

Loading...
COMMENTS