കുവൈത്തിൽ വിവിധയിടങ്ങളിൽ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: ഇന്നലെ രാജ്യത്ത് മൂന്നിടത്ത് തീപിടിത്തമുണ്ടായി. ഫിർദൗസ് ഏരിയയിൽ രണ്ടു വാഹനങ്ങളും അബു ഹലീഫയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലും അർദിയയിൽ പള്ളിമുറിയിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ ഉടനടിയുള്ള ഇടപെടൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഇല്ലാതെ തീ കെടുത്തുന്നതിന് സഹായിച്ചു.
ഫിർദൗസ് ഏരിയയിൽ വീടിനു മുന്നിൽ നിർത്തിയിട്ട രണ്ടു വാഹനങ്ങൾക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ അർദിയ അഗ്നിശമന കേന്ദ്രത്തിൽനിന്ന് സംഘം സ്ഥലത്തെത്തി. സംഘം എത്തിയപ്പോൾ ഒരു വാഹനത്തിൽനിന്ന് തീ അടുത്ത വാഹനത്തിലേക്ക് പടരുന്നതായി കണ്ടെത്തി. ഉടൻ കാര്യമായ പരിക്കുകളില്ലാതെ തീയണച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
അബു ഹലീഫ ഏരിയയിലെ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. പ്ലാസ്റ്റിക് വസ്തുക്കളും വീട്ടുപകരണങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇടത്താണ് തീ പടർന്നത്. വൈകാതെ കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണവിധേയമാക്കി. അർദിയയിലെ പള്ളിയിലെ മുറിയിലും വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം സംഭവിച്ചതെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ നിത്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും പ്രതിരോധ മാർഗങ്ങൾ ഒരുക്കാനും അധികൃതർ അഭ്യർഥിച്ചു. തീപിടിത്തം ഉണ്ടായാൽ ഉടൻ അഗ്നിശമന സേനയെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

