ടയർ കൂമ്പാരങ്ങളിലെ തീപിടിത്തം; പരിഹാരം തേടി അധികൃതർ
text_fieldsസൽമിയിലെ ടയർ കൂമ്പാരത്തിൽ കഴിഞ്ഞയാഴ്ച തീപിടിച്ചപ്പോൾ
കുവൈത്ത് സിറ്റി: സൽമിയിലെ പഴയ ടയർ കൂമ്പാരത്തിൽ തീപിടിത്തം ആവർത്തിക്കുന്നത് അധികൃതർ ഗൗരവത്തിലെടുക്കുന്നു. കഴിഞ്ഞ ദിവസം ഉന്നത യോഗം ചേർന്ന് വിഷയം പ്രത്യേകമായി ചർച്ച ചെയ്തു. തുറന്ന സ്ഥലത്ത് ഷോർട്ട് സർക്യൂട്ട് പോലെ കാരണങ്ങൾകൊണ്ട് സ്വാഭാവികമായി തീപിടിക്കാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ വിലയിരുത്തി. ബോധപൂർവം തീയിട്ടതാണെന്ന നിഗമനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ അഗ്നിശമന ഉദ്യോഗസ്ഥർ എത്തിയത്. ഇതിന് പരിഹാരം കാണാൻ യോഗം നിർദേശങ്ങൾ മുന്നോട്ടുവെച്ചു.
പ്രദേശത്ത് സെക്യൂരിറ്റി ചെക്ക്പോസ്റ്റ് സ്ഥാപിക്കുക, വേലി കെട്ടി സംരക്ഷിക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യുക, തീയണക്കാനായി സമീപത്ത് വെള്ളം കെട്ടിനിർത്തുക, കമ്പനികൾക്ക് പഴയ ടയർ നിക്ഷേപിക്കാൻ പുതിയ ഭാഗങ്ങൾ നിശ്ചയിച്ചുനൽകുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. സൽമിയിലെ ടയർ കൂമ്പാരത്തിൽ പല തവണ തീപിടിച്ചു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപയോഗശൂന്യമായ ടയറുകളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. 30 മുതൽ 50 ദശലക്ഷം വരെ പഴയ ടയറുകളാണ് ഇവിടെയുള്ളത്. പ്രദേശത്ത് വെള്ളം ഇല്ലാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. അഗ്നിശമന വകുപ്പ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല അഹ്മദ് അൽ ഹമൂദ് അസ്സബാഹ്, വ്യവസായ പബ്ലിക് അതോറിറ്റി മേധാവി അബ്ദുൽ കരീം അൽ തഖി, ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ്, അഗ്നിശമന കാര്യ മേധാവി ജമാൽ നാസർ, മേജർ ജനറൽ ഖാലിഹ് അൽ ഫഹദ്, മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മാനേജർ ഫൈസൽ അൽ സാദിഖ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

