കുവൈത്തിൽ വീണ്ടും തീപിടിത്തം; അഞ്ചുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും തീപിടിത്ത അപകടം. ഞായറാഴ്ച പുലർച്ചെ റിഗ്ഗയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊള്ളലേറ്റ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു.
മരിച്ചവർ ആഫ്രിക്കൻ സ്വദേശികളാണ്. പുലർച്ചെ നാലോടെയായിരുന്നു തീപിടിത്തം. പരിക്കേറ്റവരിൽ പലർക്കും സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്നിശമനസേന അറിയിച്ചു. മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. മരിച്ചവരിൽ ഇന്ത്യക്കാർ ഇല്ലെന്നാണ് സൂചന.
ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.
കെട്ടിടങ്ങളിലും അപ്പാർട്ടുമെന്റുകളിലും സുരക്ഷയും തീപിടിത്ത പ്രതിരോധ നിബന്ധനകളും പാലിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നും അഗ്നിശമനസേന ഉണർത്തി. അപ്പാർട്ടുമെന്റുകളിലെ ഇടനാഴികകളിലും ഒഴിഞ്ഞ ഇടത്തും വസ്തുക്കൾ കൂട്ടിയിടരുതെന്നും തടസ്സങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

