മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ‘ഒരുമ’ ധനസഹായ പദ്ധതി കൈമാറി
text_fieldsകുവൈത്ത് സിറ്റി: അടുത്തിടെ നിര്യാതനായ തൃശൂർ ചാവക്കാട് സ്വദേശി കറുപ്പം വീട്ടിൽ മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ‘ഒരുമ’ ധനസഹായം കൈമാറി. രണ്ടു ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. ശാന്തി ഹോസ്പിറ്റൽ പ്രതിനിധി അബ്ദുൽ ലത്തീഫ്, കെ.ഐ.ജി ഗസ്സാലി യൂനിറ്റ് അംഗം സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ തുക കൈമാറിയതായി ഒരുമ കുവൈത്ത് അറിയിച്ചു.
മുഹമ്മദ് റാഫി കുവൈത്ത് ഒരുമ സഹായ പദ്ധതിയിൽ അംഗമായിരുന്നു. കുവൈത്തിലെ എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും. ഹൃദയ ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് ധന സഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക.

