മയക്കുമരുന്നിനെതിരായ പോരാട്ടം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം -മന്ത്രി
text_fieldsമന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്
കുവൈത്ത് സിറ്റി: മയക്കുമരുന്നിനെതിരായ പോരാട്ടം രാജ്യത്തെ ഓരോ വ്യക്തിയുടെയും ദേശീയ ഉത്തരവാദിത്തമാണെന്നും ഇതിൽ കുടുംബങ്ങൾ, സ്കൂളുകൾ, മാധ്യമങ്ങൾ എന്നിവക്ക് വലിയ പങ്കുണ്ടെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പറഞ്ഞു. പ്രാദേശിക, അന്തർദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകൾ ഗൾഫ് സമൂഹങ്ങളെ ലക്ഷ്യമിടുന്നുണ്ട്. ഇത് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഫഹദ്.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം 90 ശതമാനം മയക്കുമരുന്നുകളും പിടികൂടാൻ കഴിഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിൽ ഒരു പുതിയ ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുകയാണെന്നും ശൈഖ് ഫഹദ് പറഞ്ഞു. പുതിയ നിയമം സംബന്ധിച്ച് രാജ്യവ്യാപകമായി അവബോധ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
പുതിയ നിയമം തയാറാക്കിയ കമ്മിറ്റിയെയും മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡയറക്ടറേറ്റിനെയും മറ്റു മന്ത്രാലയങ്ങളെയും അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം, രാജ്യത്ത് പുതിയ മയക്കുമരുന്ന് പ്രതിരോധനിയമം ഡിസംബർ 15 മുതൽ നിലവിൽ വരും. ലഹരി ഇടപാടിൽ വധശിക്ഷ അടക്കം കടുത്ത ശിക്ഷകൾ പുതിയ നിയമം മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

