ഫിഫ അറബ് കപ്പ് യോഗ്യത; കുവൈത്തിന് മുന്നിൽ മോറിത്താനിയ കടമ്പ
text_fieldsകുവൈത്ത് ടീം
കുവൈത്ത് സിറ്റി: ഫിഫ അറബ് കപ്പ് യോഗ്യത പ്രതീക്ഷ പുലർത്തുന്ന കുവൈത്തിന് മുന്നിൽ മോറിത്താനിയ കടമ്പ. ഞായറാഴ്ച ഖത്തറിൽ നടന്ന നറുക്കെടുപ്പിലാണ് ടീമുകളെ തിരഞ്ഞെടുത്തത്. നവംബർ അവസാന വാരത്തിലാണ് യോഗ്യതാ മത്സരം.
അറബ് കപ്പിൽ ഗ്രൂപ് സിയിൽ ഈജിപ്ത്, ജോർഡർ, യു.എ.ഇ എന്നീ രാജ്യങ്ങളാണുള്ളത്. കുവൈത്ത്-മോറിത്താനിയ മത്സരത്തിൽ വിജയിക്കുന്ന ടീം നാലാമത്തെ രാജ്യമായി ഗ്രൂപ്പിൽ ഇടം പിടിക്കും.
ഫിഫ ലോക റാങ്കിങ്ങിൽ 110ാം സ്ഥാനത്തുള്ള മോറിത്താനിയ 134ാം സ്ഥാനത്തുള്ള കുവൈത്തിന് കനത്ത വെല്ലുവിളിയാകും. മികച്ച പ്രകടനത്തിലൂടെ മോറിത്താനിയയെ കീഴടക്കി യോഗ്യത കടമ്പ കടക്കാമെന്നാണ് കുവൈത്തിന്റെ പ്രതീക്ഷ. 1964,1992,1998 മൂന്നാം സ്ഥാനത്തെത്തി അറബ് കപ്പ് മികച്ച പ്രകടനം നടത്തിയിരുന്നു കുവൈത്ത്. 2012ൽ ഗ്രൂപ് സ്റ്റേജിൽ പുറത്തായ കുവൈത്തിന് 2021 ൽ ചാംമ്പ്യൻഷിപ്പ് പുനരാരംഭിച്ച മത്സരത്തിൽ യോഗ്യത നേടാനായില്ല. ഇത്തവണ അത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.ഡിസംബർ ഒന്നുമുതൽ 18 വരെ ഖത്തറിലെ വിവിധ വേദികളിലായാണ് ഏഷ്യ, ആഫ്രിക്ക മേഖലകളിൽനിന്നുള്ള അറബ് ടീമുകൾ മത്സരിക്കുന്ന അറബ് കപ്പ്. ലോകഫുട്ബാളിലെ ഒരുപിടി പവർഹൗസുകളായ ടീമുകളും ഫുട്ബാളിനെ നെഞ്ചേറ്റിയ ആരാധക സംഘങ്ങളുമായി ഏറെ ശ്രദ്ധേയമാണ് അറബ് കപ്പ്.
2025, 2029, 2033 അറബ് കപ്പിന്റെ വേദികളായി കഴിഞ്ഞ വർഷം ഖത്തറിനെ തെരഞ്ഞെടുത്തിരുന്നു.ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ നേരിട്ട് ടൂർണമെന്റിന് യോഗ്യത നേടിക്കഴിഞ്ഞു. ആതിഥേയരായ ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർഡൻ, യു.എ.ഇ ടീമുകൾ നേരിട്ട് യോഗ്യത ഉറപ്പാക്കി. ഏപ്രിലിലെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.
ശേഷിച്ച എട്ടു സ്ഥാനങ്ങളിലേക്കുള്ള ടീമുകളെയാണ് നവംബർ 25, 26 തീയതികളിലായി ഖത്തറിൽ നടക്കുന്ന പ്ലേ ഓഫിലൂടെ തെരഞ്ഞെടുക്കുക. ഒമാൻ, ബഹ്റൈൻ, സിറിയ, ഫലസ്തീൻ, മോറിത്താനിയ, ലബനാൻ, സുഡാൻ, ലിബിയ, കുവൈത്ത്, യമൻ, ദക്ഷിണ സുഡാൻ, ജിബൂതി, സോമാലിയ ടീമുകളാണ് പ്ലേ ഓഫിൽ കളിക്കുന്നത്. ഇവരിൽനിന്ന് ഏഴുപേർ കൂടി ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നതോടെ 16 പേരുടെ നിര വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

