ഫിഫ അറബ് കപ്പ്; അടിപതറി കുവൈത്ത്, യു.എ.ഇ ക്വാർട്ടറിലേക്ക്
text_fieldsഅറബ് കപ്പിൽ കുവൈത്തും യു.എ.ഇയും തമ്മിലുള്ള മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: അറബ് കപ്പ് ഗ്രൂപ് തല അവസാന മത്സരത്തിൽ യു.എ.ഇയോട് അടിപതറി കുവൈത്ത്. നിർണായക മത്സരത്തിൽ യു.എ.ഇയോട് (3-1) പരാജയപ്പെട്ട് കുവൈത്തിന് ക്വാർട്ടർ പ്രതീക്ഷയും അസ്തമിച്ചു.ജയം അനിവാര്യമായിരുന്ന യു.എ.ഇ മികച്ച പ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. കളിയുടെ തുടക്കത്തിൽതന്നെ ലീഡുയർത്തിയ യു.എ.ഇ കുവൈത്തിനെ സമ്മർദത്തിലാക്കി. 16ാം മിനിറ്റിൽ കുവൈത്തിന്റെ അഹ്മദ് അൽദെഫിറിക്കെതിരെ ഫൗൾ ലഭിച്ചതോടെ യു.എ.ഇക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെയാണ് സ്കോറിങ് ആരംഭിച്ചത്. പെനാൽറ്റിയിലൂടെ യഹ്‍യ അൽ ഗസ്സാനി ആദ്യ ഗോൾ നേടി വലകുലുക്കി.
മിനിറ്റുകളുടെ വ്യത്യാസത്തിൽ യഹ്‍യ അൽഗസ്സാനി തന്നെ വീണ്ടും ഗോൾ നേടി യു.എ.ഇയുടെ ലീഡുയർത്തി. ആദ്യ പകുതിയുടെ തുടക്കത്തിൽ രണ്ടുഗോളിന്റെ സമ്മർദത്തിലായ കുവൈത്ത് പതറാതെ കളിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. കുവൈത്തിന്റെ സുൽത്താൻ അൽനസി, യൂസുഫ് അൽ സുലൈമാൻ എന്നവർ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ശ്രമം വിഫലമായി. രണ്ടാം പാതിയുടെ തുടക്കത്തിൽ സുൽത്താൻ അൽനസി റെഡ് കാർഡ് ലഭിച്ച് പുറത്തോയതോടെ കുവൈത്ത് കൂടുതൽ സമ്മർദത്തിലായി. 59ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെ ഫഹദ് അൽ ഹാജരി ഒരു ഗോൾ മടക്കിയതോടെ കുവൈത്ത് പാളയത്തിൽ ആവേശമുയർന്നു.
എന്നാൽ അധികം നീളുംമുമ്പേ നിക്കോളാസ് ജിംനെസ് യു.എ.ഇക്കുവേണ്ടി വീണ്ടും ഗോൾ നേടി ലീഡ് ഉയർത്തി. അവസാന നിമിഷം വരെ ഗോളിനായി കുവൈത്ത് നിരയിൽനിന്ന് മോഅത്ത് അൽദാഫിരി, നാസർ അൽ ഫലഹ് എന്നിവർ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയില്ല. കുവൈത്ത് ഉൾപ്പെട്ട ഗ്രൂപ് സിയിൽനിന്ന് ജോർഡനും യു.എ.ഇയും ക്വാർട്ടർ യോഗ്യത ഉറപ്പാക്കി. ഈജിപ്തുമായി സമനിലയും ജോർഡനുമായി തോൽവിയും നേരിട്ട കുവൈത്ത് ഗ്രൂപ്പിൽ ഒരു പോയന്റുമായി നാലാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

