ഇന്ത്യൻ കലാ പ്രദർശനങ്ങളുമായി ഫെസ്റ്റിവൽ ഓഫ് ഇന്ത്യ
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’പരിപാടിയിൽ അവതരിപ്പിച്ച ഖവാലിയും രാജസ്ഥാനി നാടോടിനൃത്തവും
കുവൈത്ത് സിറ്റി: സമ്പന്നമായ ഇന്ത്യൻ കലാരൂപങ്ങൾ അവതരിപ്പിച്ച് കുവൈത്തിൽ ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’. വെള്ളി, ശനി ദിവസങ്ങളിൽ സാൽമിയ അബ്ദുൽ ഹുസൈൻ അബ്ദുൽ രിദ തിയറ്ററിൽ നടന്ന മേളയിൽ നാടോടി നൃത്തം മുതൽ ഖവാലി വരെ അരങ്ങിലെത്തി. അനിരുദ്ധ് വർമ കലക്ടിവിന്റെ ബോളിവുഡ് ഫ്യൂഷൻ, ഖുതുബി ബ്രദേഴ്സിന്റെ ഖവാലി, ഫോക് ഡാൻസ് എന്നിവ നടന്നു.
സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ വിദേശകാര്യ-സാംസ്കാരിക സഹമന്ത്രി മീനാകാശി ലേഖി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് എല്ലാ ആശംസകളും നേർന്ന മീനാകാശി ലേഖി ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.
അംബാസഡർ ഡോ. ആദർശ് സ്വൈക, മുതിർന്ന ഉദ്യോഗസഥർ എന്നിവർ സന്നിഹിതരായി. കുവൈത്തിൽ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് ഇതെന്നും, സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംടിപ്പിക്കുന്നതെന്നും അംബാസഡർ പറഞ്ഞു. കുവൈത്തിലെ ഇന്ത്യക്കാരും സ്വദേശികളും അടക്കം നിരവധിപേർ രണ്ടു ദിവസങ്ങളിലായുള്ള പരിപാടി ആസ്വദിക്കാനെത്തി.