കോവിഡ് ഭീതി ഒഴിഞ്ഞു: മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു. സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിൽ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആറു ഗവർണറേറ്റുകളിലായി 16 സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴി കോവിഡ് വാക്സിൻ വിതരണം തുടരുന്നതായും മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് മഹാമാരിയെ ചെറുത്തു തോൽപിക്കുന്നതിൽ രാജ്യത്തെ വാക്സിനേഷൻ യജ്ഞം വലിയ പങ്കാണ് വഹിച്ചത്. മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ അഞ്ചാം നമ്പർ ഹാൾ കേന്ദ്രീകരിച്ചായിരുന്നു കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരോഗ്യ മന്ത്രാലയം വിജയകരമായി നടപ്പാക്കിയത്. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സുപ്രധാന പങ്കുവഹിച്ച മിശ്രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ സേവനമനുഷ്ഠിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യമന്ത്രാലയം നന്ദി അറിയിച്ചു.
മിശ്രിഫ് കേന്ദ്രത്തിനു ബദലായി രാജ്യത്തെ 16 മേഖല ക്ലിനിക്കുകളിൽ വാക്സിനേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഹവല്ലി ഗവർണറേറ്റിൽ സൽവ മഹ്മൂദ് ഹജി ഹൈദർ, റുമൈത്തിയ മെഡിക്കൽ സെന്ററുകളിലും ഫർവാനിയയിൽ ഒമരിയ, അബ്ദുല്ല അൽ മുബാറക്, അന്തലൂസ് ക്ലിനിക്കുകളിലും ജഹ്റയിൽ അൽ-നഈം, അൽ-അയൂൻ, സഅദ് അൽ-അബ്ദുല്ല ഹെൽത്ത് സെന്ററുകളിലും ആണ് വാക്സിനേഷൻ സൗകര്യം ഒരുക്കുന്നത്.
അഹ്മദിയിൽ ഫിന്റാസ് ഫഹാഹീൽ, അദാൻ സ്പെഷലിസ്റ്റ് സെന്ററുകളിലും കാപിറ്റൽ ഗവർണറേറ്റിൽ ഷെയ്ഖ ഫത്തൂഹ് ഹെൽത്ത് സെന്റർ, സബാഹ് ഹെൽത്ത് സെന്റർ ജാസിം അൽ-വസാൻ ഹെൽത്ത് സെന്റർ, ജാബിർ അൽ-അഹ്മദ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും കുത്തിവെപ്പ് എടുക്കാം. വെസ്റ്റ് മിശ്രിഫിലെ അബ്ദുറഹ്മാൻ അൽ സയീദ് ഹെൽത്ത് സെന്ററിൽ അഞ്ചു മുതൽ 12 വരെ പ്രായക്കാർക്ക് ആദ്യ രണ്ടു ഡോസുകളും 12 മുതൽ 18വരെ പ്രായക്കാർക്ക് ആദ്യ ബൂസ്റ്റർ ഉൾപ്പെടെ മൂന്നു മാത്രകളും ലഭിക്കും. മറ്റു പതിനഞ്ചിടങ്ങളിൽ 12 മുതൽ 18 വരെയുള്ളവർക്ക് ആദ്യരണ്ടു ഡോസുകളും 18 നും 49 നും ഇടയിലുള്ളവർക്ക് ആദ്യ ബൂസ്റ്റർ ഡോസും അമ്പതിനു മുകളിൽ പ്രായമുള്ളവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസും ലഭ്യമാണ്.
ഞായർ മുതൽ വ്യാഴംവരെ ഉച്ചക്ക് മൂന്നുമുതൽ രാത്രി എട്ടുവരെ ആണ് ക്ലിനിക്കുകളിൽ വാക്സിൻ വിതരണം ഉണ്ടാവുക. ഇതിനുപുറമെ ജാബിർ ബ്രിഡ്ജ് സെന്ററിലും ജലീബ് അൽ ശുയൂഖ് സെന്ററിലും നിലിലുള്ളതുപോലെ വാക്സിൻ വിതരണം തുടരുന്നതായും അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് പോസിറ്റിവാകുന്ന കേസുകൾ വ്യാപകമായി കുറഞ്ഞിട്ടുണ്ട്. ജൂലൈ അവസാനത്തിലെ റിപ്പോർട്ട് പ്രകാരം കൊറോണ അണുബാധിതരുടെ എണ്ണം 100ൽ താഴെയെത്തി. ജൂലൈ മധ്യത്തിൽ 603 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽനിന്നാണ് നൂറിനുതാഴേക്ക് എത്തിയതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ഒരു ഘട്ടത്തിൽ 20 ശതമാനത്തിലെത്തിയ ശേഷം, അണുബാധനിരക്ക് ഗണ്യമായി കുറഞ്ഞ് അഞ്ച് ശതമാനത്തിലെത്തി. ക്രിട്ടിക്കൽ കെയറിലെ രോഗികളുടെ എണ്ണം ജൂലൈ തുടക്കത്തിൽ 10ൽനിന്ന് അഞ്ചായി കുറഞ്ഞപ്പോൾ, രോഗശമന ശതമാനവും 0.4 ശതമാനവും വർധിച്ച് 99.4 ശതമാനത്തിലെത്തി. മുൻ മാസം ഇത് 99 ശതമാനമായിരുന്നു.
പൊതുജന ബോധവത്കരണത്തിന്റെയും പ്രതിരോധ കുത്തിവെപ്പിന്റെയും ഫലമായി രാജ്യം സാമുദായിക പ്രതിരോധശേഷി നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

