കുവൈത്തിൽ ഏറ്റവും അധികം വിദേശികൾ താമസിക്കുന്നത് ഫർവാനിയയിൽ
text_fieldsകുവൈത്ത് സിറ്റി:കുവൈത്തിൽ ഏറ്റവും അധികം വിദേശികൾ താമസിക്കുന്നത് ഫർവാനിയ പ്രവിശ്യയിലെന്ന് റിപ്പോർട്ട്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട സ്ഥിതി വിവരക്കണക്കനുസരിച്ച് ഒമ്പത് ലക്ഷത്തിൽപരം വിദേശികളാണ് ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്നത്. ഏറ്റവും കൂടുതൽ സ്വദേശികൾ താമസിക്കുന്ന ഗവർണറേറ്റ് അഹമ്മദി ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാസി സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രവിശ്യയും ഫർവാനിയ ആണ്.
942,000 വിദേശികൾ ഉൾപ്പെടെ മൊത്തം 1,175,000 പേരാണ് ഫർവാനിയയിൽ താമസിക്കുന്നത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, അർദിയ, ഖൈത്താൻ തുടങ്ങി 16 ജില്ലകൾ ഉൾപ്പെടുന്നതാണ് ഫർവാനിയ ഗവർണറേറ്റ്. സ്വദേശി ജനസംഖ്യയിൽ മുന്നിൽനിൽക്കുന്ന അഹമ്മദി പ്രവിശ്യയിൽ 290,000 കുവൈത്തികളും 694,000 വിദേശികളും ആണ് താമസക്കാരായുള്ളത്. കുവൈത്ത് സിറ്റി ഉൾപ്പെടുന്ന കാപിറ്റൽ ഗവർണറേറ്റിൽ 260,000 സ്വദേശികളും 313,000 വിദേശികളും താമസിക്കുന്നു. 233,000 സ്വദേശികൾ ഉൾപ്പെടെ 947,000 പേരാണ് ഹവല്ലിയിലുള്ളത്. 555,000 ജഹറയിലെ മൊത്തം ജനസംഖ്യ, 361,000 ആണ് ജഹറയിലെ വിദേശി സാന്നിധ്യം.
മുബാറക് കബീർ പ്രവിശ്യയാണ് ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ. 262,000 താമസക്കാരാണ് ഏറ്റവും ഒടുവിൽ രൂപവത്കൃതമായതും എട്ട് ജില്ലകൾ ഉൾപ്പെടുന്നതുമായ മുബാറക് അൽ കബീറിൽ ഉള്ളത്. ജഹ്റ പ്രവിശ്യയിലെ സഅദ് അൽ അബ്ദുല്ലയാണ് സ്വദേശികൾ കൂടുതലുള്ള ജില്ല. സബാഹ് അൽ സലിം, സബാഹിയ, റുമൈതിയ, ജാബിർ അൽ അലി, അർദിയ, അബ്ദുല്ല അൽ മുബാറക് എന്നിവ കുവൈത്തി താമസക്കാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന മറ്റു ജില്ലകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.