അർജന്റീനയുടെ വിജയം ആഘോഷമാക്കി ഫാൻസ്
text_fieldsകുവൈത്തിലെ അർജന്റീന ഫാൻസുകാരുടെ ആഹ്ലാദം
കുവൈത്ത് സിറ്റി: ലോകകപ്പ് ഫൈനലിന്റെ ആവേശം മുഴുവൻ ഏറ്റെടുത്ത രാത്രിയും പകലുമാണ് ഫുട്ബാൾ ആരാധകർക്ക് കടന്നുപോയത്. ഏറെ ഫാൻസുകൾ ഉള്ളതും, തുല്യശക്തികളുമായ ഫ്രാൻസും അർജന്റീനയും ഫൈനലിൽ എത്തിയതോടെ ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നു. അതു ശരിവെക്കുന്ന തരത്തിൽ മത്സരം കൊഴുത്തതോടെ ഫാൻസുകൾക്ക് ഞായറാഴ്ച ആഘോഷ രാത്രിയായി.
ഞായറാഴ്ച വൈകീട്ട് ആറിന് മുമ്പുതന്നെ ഫുട്ബാൾ പ്രേമികൾ പലയിടങ്ങളിലായി ഒരുമിച്ചു കൂടി. ഇഷ്ട ടീമിന്റെ ജേഴ്സിയും പതാകയുമായാണ് പലരും കളികാണാനിരുന്നത്. മത്സരത്തിന്റെ അവസാന നിമിഷം വരെ പ്രിയ കളിക്കാരെ പിന്തുണച്ച് അവർ കളിയുടെ ലഹരിനുകർന്നു.
കുവൈത്തിലെ പ്രധാന ഫാൻസോണായ കണ്ടെയ്‌നർ പാർക്കിൽ ആയിരങ്ങളാണ് ഒരുമിച്ചുകൂടിയത്. മലയാളികൾ ഏറെയുള്ള അബ്ബാസിയയിലും, ഫർവാനിയയിലും ഒരുമിച്ചാണ് മിക്കവരും കളികണ്ടത്. ഹോട്ടലുകളിലും വിവിധ സ്ഥാപനങ്ങളിലും കളി കാണാൻ സൗകര്യം ഒരുക്കിയിരുന്നു.
ആദ്യപകുതിയിൽ അർജന്റീന മുന്നിലെത്തിയപ്പോഴേ ആരാധകർ മധുര വിതരണവുമായി ആഘോഷം തുടങ്ങി. എന്നാൽ, ഫ്രാൻസിന്റെ എംബാപ്പയുടെ മിന്നൽ ഗോളുകൾ അർജന്റീനൻ ഫാൻസിനെ നിശ്ശബ്ദരാക്കി. അനിശ്ചിതത്വം നിറഞ്ഞ മത്സരത്തിന്റെ അവസാനത്തിൽ ഷൂട്ടൌട്ടിൽ വിജയം ഉറപ്പിച്ചതോടെ അർജന്റീനൻ ആരാധകർ തെരുവുകളിലേക്കിറങ്ങി.
ഫർവാനിനയയിലും അബ്ബാസിയയിലും കുവൈത്ത് ടവറിന് കീഴിലും ഫുട്ബാൾ പ്രേമികൾ ഒരുമിച്ചുകൂടി. പാട്ടും ബാന്റും ജയ്‍വിളികളുമായി പുലരുവോളം ആഘോഷം കൊഴുത്തു. കുവൈത്ത് ടവറിന് കീഴിൽ അർജന്റീനക്കാരും, കുവൈത്തികളും, ലബനാനികളും, ബംഗാളികളും, മലയാളികളുമായിരുന്നു ആഘോഷങ്ങളിൽ മുന്നിൽ.
തിങ്കളാഴ്ച പകലിലും അർജന്റീനൻ ഫാൻസിന് പിടിപ്പത് പണികളുണ്ടായിരുന്നു. സമൂഹമാധ്യങ്ങളിൽ ട്രോളുകളും ആഘോഷ പോസ്റ്റുകളും ഷെയർ ചെയ്തും വിപുലമായ ആഘോഷങ്ങൾക്ക് ഒരുക്കം കൂട്ടിയും വിജയലഹരിയിൽനിന്ന് അവർ താഴെയിറങ്ങിയില്ല. ലോകകപ്പിലെ മൂന്നര പതിറ്റാണ്ടിന്‍റെ നഷ്ടഭാരം ആഘോഷങ്ങളിലൂടെ മറികടക്കുകയായിരുന്നു അവർ.
കളർ ടി.വി വന്ന ശേഷം ലോകകിരീടമില്ലാത്തവർ എന്ന കളിയാക്കലുകൾക്ക് നടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന അർജന്‍റീന ഫാൻസിന് സഹമുറിയന്മാർക്കും എതിർ ഫാൻസുകൾക്കും മുന്നിൽ ഉയർത്തിക്കാണിക്കാൻ കഴിയുന്ന കിരീടം കൂടിയാണ് മെസ്സിപ്പട വെട്ടിപ്പിടിച്ചത്.
വെള്ളിയാഴ്ച അർജന്റീന ഫാൻസ് കേരള കുവൈത്ത് വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകനായ ഷാഹുൽ ബേപ്പൂർ പറഞ്ഞു. ഫർവാനിയ ഐഡിയൽ ഹാളിൽ ബുധനാഴ്ച ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

