വ്യാജ റെസിഡൻസി നിർമാണം പരിശോധന തുടരുന്നു; ആറുപേർ പിടിയിൽ
text_fieldsപ്രതികളും പിടിച്ചെടുത്ത രേഖകളും
കുവൈത്ത് സിറ്റി: വ്യാജ റെസിഡൻസി പെർമിറ്റ് ഉണ്ടാക്കിയ കേസിൽ ആറു പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വൻ തുകകൾ വാങ്ങി വിദേശ തൊഴിലാളികൾക്ക് റെസിഡൻസി പെർമിറ്റുകളും ഡ്രൈവിങ് ലൈസൻസുകളും നൽകിവരുന്ന കുറ്റകൃത്യത്തിൽ ഏർപ്പെട്ടുവരുകയായിരുന്നു സംഘം.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് നടപടി. റെസിഡൻസി വ്യാപാരികളെയും നിയമ ലംഘകരെയും ശക്തമായി നേരിടാൻ മന്ത്രി കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. സിറിയ, ഈജിപ്ത്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. റെസിഡൻസി നിർമാണം, വ്യാജരേഖകൾ ചമക്കൽ, കൃത്രിമം എന്നീ കൃത്യങ്ങളിലും സംഘം ഏർപ്പെട്ടിരുന്നു.
ഇവർ നിരവധി തൊഴിലാളികളുടെ റെസിഡൻസി ഒരു പ്രത്യേക കമ്പനിയിലേക്ക് മാറ്റുകയും വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഈ രജിസ്ട്രേഷൻ ഉപയോഗിച്ച് കൂടുതൽ വാഹന ഓപറേറ്റിങ് ലൈസൻസുകൾ നേടുകയും ചെയ്തിരുന്നു.
ഈ ലൈസൻസുകൾ പിന്നീട് മറ്റു കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചു. സംഘം രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ചിലത് നിലവിലില്ലെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. നിയമവിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

