കുവൈത്തിലേക്ക് വ്യാജ റിക്രൂട്ട്മെന്റുകൾ സജീവം
text_fieldsകുവൈത്ത് സിറ്റി: നിരന്തര പരിശോധനകൾക്കിടയിലും കുവൈത്തിലേക്ക് പുറംരാജ്യങ്ങളിൽനിന്നുള്ള വ്യാജ റിക്രൂട്ട്മെന്റുകൾ സജീവമെന്ന് സൂചന. നിയമസാധുതയുള്ള ജോലിക്ക് എന്ന പേരിൽ വ്യാജ വിസകൾ നൽകിയാണ് തട്ടിപ്പ്.
വീട്ടുജോലിക്കാർ, അവിദഗ്ധ, അർധ വൈദഗ്ധ്യ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്മെന്റ് ഏജൻസികൾ കബളിപ്പിച്ച് പണം കൈക്കലാക്കുകയും വ്യാജവിസ നൽകുകയുമാണ് രീതി. കുവൈത്തിലേക്ക് വ്യാജ വിസ നൽകി നിരവധി പേരെ കബളിപ്പിച്ചതായി ആന്ധ്രപ്രദേശിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിൽ കുവൈത്തിലേക്കുള്ള 27,000 വ്യാജ വിസകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കുവൈത്തിൽ ജോലി ആഗ്രഹിച്ച അവിദഗ്ധ തൊഴിലാളികളാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിപക്ഷവും.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ കുവൈത്തിൽനിന്ന് ഇഷ്യൂ ചെയ്തെന്ന് കരുതപ്പെടുന്ന 37,208 വിസകൾ പരിശോധിച്ചപ്പോഴാണ് ഇവയിൽ വ്യാജൻ കയറിക്കൂടിയതായി തെളിഞ്ഞത്. 37,208 വിസകൾ പരിശോധിച്ചതിൽ 10,280 എണ്ണത്തിന് മാത്രമേ സാധുതയുള്ളൂ എന്ന് കണ്ടെത്തി. ഇതോടെ ഇതിൽ 27,000 വിസകൾ വ്യാജമാകാമെന്ന് തെളിഞ്ഞു. ഇവ കൃത്രിമമായി ഉണ്ടാക്കിയതാകാമെന്നാണ് സൂചന.
കുവൈത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി ഇരകൾ അറിയുന്നത്. ഇത്തരക്കാരിൽനിന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് റിക്രൂട്ട്മെന്റ് ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്. നാട്ടിലേക്ക് തിരികെ അയക്കാനും പണം ആവശ്യപ്പെടും. ഇത്തരം ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആന്ധ്രപ്രദേശ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ വിസ നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസികളുടെ എണ്ണം വർധിച്ചതായി ആന്ധ്രപ്രദേശ് പൊലീസും കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ആദ്യം കുവൈത്തിലെ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തുകയും അടച്ചുപൂട്ടുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന കേരളത്തിലെ റിക്രൂട്ടിങ് ഏജൻസിക്കെതിരെ നാട്ടിൽ നടപടിയുണ്ടായതും വാർത്തയായിരുന്നു.
വ്യാജ വിസ നൽകൽ, അമിത തുക ഈടാക്കൽ, കോഴ വാങ്ങൽ എന്നിങ്ങനെ നിരവധി മാർഗങ്ങളിലൂടെ റിക്രൂട്ടിങ് ഏജൻസികൾ പണംതട്ടുന്നതും പതിവാണ്.
ഔദ്യോഗിക റിക്രൂട്ടിങ് ഏജൻസികളെ മാത്രം സമീപിക്കുക, രേഖകളുടെ വിശ്വാസ്യത പരിശോധിക്കുക എന്നിവ തട്ടിപ്പ് ഒഴിവാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

