വ്യാജന്മാർ കുടുങ്ങും; തൊഴിലാളികളുടെ സർട്ടിഫിക്കറ്റ് സമഗ്ര പരിശോധന ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ അക്കാദമിക് ബിരുദങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും സമഗ്ര പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായി നിയോഗിച്ച കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് നടപടികളുടെ പുരോഗതി വിലയിരുത്തി.
ക്രെഡൻഷ്യൽ അവലോകനങ്ങൾ രാജ്യവ്യാപകമായി വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ ഷെരീദ അൽ മൗഷർജി നിർദേശിച്ചു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ പരിശോധന നടപടികളിൽ പൂർണമായും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
യോഗ്യത മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സമിതി വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പൗരന്മാരുടെയും പ്രവാസികളുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനായി മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഉൾപ്പെട്ട പ്രത്യേക കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ അത്തരക്കാർ നടപടി നേരിടേണ്ടിവരും. അടുത്തിടെ നടത്തിയ പരിശോധനയില്‍ വ്യാജ സർവകലാശാല ബിരുദം സമർപ്പിച്ച നിരവധി കേസുകൾ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

