വ്യാജ കുടുംബബന്ധം: കുവൈത്തിൽ 59 പേരുടെ പൗരത്വം റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 59 പേരുടെ പൗരത്വം റദ്ദാക്കാൻ തീരുമാനം. കുവൈത്ത് പൗരത്വത്തിന് അർഹതയില്ലെന്ന് ഡി.എൻ.എ പരിശോധനയിലൂടെ ഉറപ്പിച്ച ശേഷമാണ് നടപടി. നാല് ഭാര്യമാരും 28 കുട്ടികളും രജിസ്റ്റർ ചെയ്തിരുന്ന ഒരാളുടെ പൗരത്വ ഫയലുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 1954ൽ കുവൈത്തിൽ ജനിച്ചയാളുടെ ഫയലിൽ രേഖപ്പെടുത്തിയിരുന്ന ഭാര്യമാരുടെയും മക്കളുടെയും ആധികാരികതയാണ് പരിശോധിച്ചത്. 13 മക്കൾ ജൈവിക സന്താനങ്ങൾ തന്നെയെന്ന് ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തി.
എന്നാൽ, രണ്ടാം ഭാര്യയുടെ മക്കളായി രേഖപ്പെടുത്തിയിരുന്നയാൾ യഥാർഥ മകനല്ലെന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം നിലവിൽ ജീവിച്ചിരിപ്പില്ല. തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബ പരമ്പരയിലെ എല്ലാവരുടെയും പൗരത്വം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
59 പേരെയാണ് ഈ തീരുമാനം ബാധിച്ചത്. ഇതിൽ 14 മക്കളും ബാക്കിയുള്ളവർ ഭാര്യമാരും ഈ ഫയൽ വഴി രജിസ്റ്റർ ചെയ്ത കൊച്ചുമക്കളുമാണ്. പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹാണ് ഉത്തരവിൽ ഒപ്പുവെച്ചത്. വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

