വ്യാജ സർട്ടിഫിക്കറ്റ്: ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരിൽനിന്ന് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്ന് സിവിൽ സർവിസ് കമീഷൻ. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ കൈക്കൊള്ളുമെന്ന് സിവിൽ സർവിസ് കമീഷൻ ചെയർമാൻ അഹമ്മദ് അൽ ജസ്സാർ വ്യക്തമാക്കി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവിസ് കമീഷന് കൈമാറിയിരുന്നു. ഇതിെൻറ അടിസ്‌ഥാനത്തിലാണ് തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടിക്ക് കമീഷൻ ഒരുങ്ങുന്നത്. ഇത്തരക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിനു പുറമെ, ഇതുവരെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നാണ് കമീഷൻ അറിയിച്ചിരിക്കുന്നത്.
പേര് പരസ്യപ്പെടുത്തണം –സ്പീക്കർ
കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം ഉൾപ്പെടെ നിരവധി പേരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഇവർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം.
സ്വാധീനങ്ങൾക്ക് വഴങ്ങാതെ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
വിദ്യാഭ്യസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും തുടർനടപടികൾക്ക് വിദ്യാഭ്യാസ വകുപ്പിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവർക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രലയം കൈമാറിയ പട്ടികയിൽനിന്ന് ഒരാളെ പോലും മാറ്റിനിർത്തുകയോ ഒഴിവാക്കുകയോ ഇല്ലെന്നും സി.എസ്.സി ചെയർമാൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വസ്തുതാന്വേഷണ വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ 40 സർട്ടിഫിക്കറ്റുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്തിെൻറ സൽപേരിന് കളങ്കംവരുത്തുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നായാലും ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പുകളിൽ നിയമനം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. അതേസമയം, വ്യാജസർട്ടിഫിക്കറ്റുമായി പിടിയിലായ ഈജിപ്തുകാരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി പൊലീസ് 21 ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് 4000 ദീനാർ വരെ ലഭിച്ചിരുന്നതായി ചോദ്യംചെയ്യലിനിടെ പ്രതി സമ്മതിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
